ഏനാമാക്കൽ റെഗുലേറ്റർ നവീകരണം: വീണ്ടും ഹൈക്കോടതിയുടെ സ്റ്റേ
1487074
Saturday, December 14, 2024 6:52 AM IST
പാവറട്ടി: ഏനാമാക്കൽ റെഗുലേറ്റർ നവീകരണ പ്രവൃത്തികൾക്ക് കോടതിയുടെ സ്റ്റേ. കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായ ഏനാമാക്കൽ റെഗുലേറ്റർ നവീകരണ കരാർ സംബന്ധിച്ചുള്ള കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്, ഒരു വർഷത്തിനുശേഷം ഒഴിവായിരുന്നെങ്കിലും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വീണ്ടും കോടതിയുടെ സ്റ്റേ ആയി.
നേരത്തെ ഹർജി നൽകിയ ആൾ ഹൈ ക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതിനെ തുടർന്ന് ഡിവിഷൻ ബെഞ്ച് റെഗുലേറ്റർ നവീകരണപ്രവൃത്തികൾ സ്റ്റേ ചെയ്യുകയായിരുന്നു. ഇനി സ്റ്റേ നീങ്ങിയ ഉത്തരവ് വന്നശേഷം മാത്രമേ പണികൾ തുടങ്ങുന്നതു സംബന്ധിച്ച തീരുമാനം എടുക്കാനാകൂ. സർക്കാർ റെഗുലേറ്റർ നവീകരണത്തിന് എട്ടരക്കോടി രൂപ അനുവദിച്ച് ടെൻഡർ നൽകിയിരുന്നു. മെക്കാനിക്കൽ പ്രവൃത്തികളുടെയും സിവിൽ പ്രവൃത്തികളുടെയും കരാറുകൾ രണ്ടുപേർക്കായിട്ടാണ് നൽകിയിരുന്നത്.
ഇതിൽ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി, രണ്ട് കരാറും ഒരാൾക്കുതന്നെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവരിൽ ഒരാൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ ഹർജി നൽകി സ്റ്റേ സമ്പാദിച്ചത്. കോടതി സ്റ്റേ മാറിയിട്ടും ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വേഗം കരാർവച്ച് പണികൾ തുടങ്ങിയില്ല. അടുത്ത ദിവസം ചേർന്ന കോൾ ഉപദേശക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോഴാണ് നിർമാണ പ്രവർത്തനങ്ങൾ വീണ്ടും കോടതി സ്റ്റേ ചെയ്ത വിവരം ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
കോടതി സ്റ്റേ വേഗത്തിൽ നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. എന്നാൽ വർഷങ്ങളായി ഉപ്പു വെള്ളം കയറി കൃഷിനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന റെഗുലേറ്ററിനോട് ചേർന്നുളള കോൾ പടവുകളിൽ കർഷകർ ഏറെ ആശങ്കയിലാണ്. ന്യൂനമർദ മഴയെത്തുടർന്ന് അധിക ജലം ഒഴുകിപ്പോകാൻ തുറന്ന ഏനാമാവ് റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നെങ്കിലും പിന്നീട് ഫെയ്സ് കനാലിൽ ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറുകൾ അടച്ചു. റെഗുലേറ്റർ ഷട്ടറുകൾ അടയ്ക്കുന്നതിനും തുറക്കുന്നതിനും റെഗുലേറ്ററിനെ മുകളിൽ സ്ഥാപിച്ചിട്ടുള്ള കാലപ്പഴക്കം മൂലം ദ്രവിച്ച പലകകളിലൂടെ ജീവൻ പണയംവച്ച് നടന്നുചെന്നാണ് തൊഴിലാളികൾ ഷട്ടറുകൾ നിയന്ത്രിക്കുന്നത്. യന്ത്രസഹായത്തോടെ ഷട്ടറുകൾ തുറക്കുന്ന സംവിധാനമാണ് ആരംഭകാലത്ത് ഉണ്ടായിരുന്നത്. ഒരിക്കൽ കേടുപാടുകൾ തീർക്കാനായി ഊരിക്കൊണ്ടുപോയ മോട്ടോർ പിന്നീട് തിരിച്ചുകൊണ്ടുവന്നില്ല. അതിനുശേഷം മാനുഷിക പ്രയത്നം ഉപയോഗിച്ചുവേണം റെഗുലേറ്ററിന്റെ ഷർട്ടുകൾ ഉയർത്താനും താഴ്ത്താനും.
ഏനാമാവ് റെഗുലേറ്റർ ഷട്ടറുകൾ ഇലട്രിക് യന്ത്ര സംവിധാനത്തോടെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കുകയും നവീകരിക്കുകയും ചെയ്യണമെന്നുള്ളത് ഏറെ വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും നിരവധിതവണ സമരം ചെയ്തെങ്കിലും റെഗുലേറ്റർ നവീകരണം അനന്തമായി നീളുകയാണ്.
റെഗുലേറ്റർ നവീകരണം നടപ്പിലാക്കാത്തതിനാൽ ഓരോ വർഷവും പുഴയിൽ നിന്നും ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്ക് കയറാതിരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചാണ് ഓരോ വർഷവും റഗുലേറ്ററിനു മുൻവശത്ത് ഫേസ് കനാലിന് കുറുകെ താത്കാലിക വളയം ബണ്ടുകൾ നിർമി ക്കേണ്ടിവരുന്നത്. ഇന്നലെ ചേർന്ന കോൾ ഉപദേശക സമിതി യോഗത്തിൽ ഇതുസംബന്ധിച്ച് ചോദ്യം ഉയർന്നപ്പോഴാണ് നിർമാണ പ്രവർത്തനങ്ങൾ വീണ്ടും കോടതി സ്റ്റേ ചെയ്ത വിവരം ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.