ഡിസിസി അധ്യക്ഷൻ; പട്ടിക ഹൈക്കമാൻഡിനു മുന്നിൽ
1486845
Friday, December 13, 2024 9:11 AM IST
സ്വന്തം ലേഖകന്
തൃശൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മികച്ച വിജയത്തിനു പിന്നാലെ ഡിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിൽ ഉടൻ തീരുമാനമുണ്ടായേക്കും. തൃശൂരിൽ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതും മറ്റുചില ജില്ലാ അധ്യക്ഷൻമാരെ മാറ്റുന്നതിനുമുള്ള പട്ടിക എഐസിസിക്കു മുന്നിലുണ്ട്.
ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കോണ്ഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പ്രാദേശികതലത്തിൽ സ്ഥാനാർഥികളെ നിശ്ചയിച്ച് അതാതു വാർഡുകളിൽ മത്സരിക്കണമെന്ന നിർദേശം നൽകിയത് അധ്യക്ഷന്റെ താത്കാലികചുമതലയുള്ള പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ്.
നാട്ടികയിലും കൊടുങ്ങല്ലൂരുമടക്കം കോണ്ഗ്രസിനു മുന്നേറാൻ ഈ നീക്കംകൊണ്ടു കഴിഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ചില നേതാക്കൾ ശ്രമിച്ചതിനെതിരേ സോഷ്യൽ മീഡിയയിലടക്കം അണികൾ രൂക്ഷവിമർശനവും ഉയർത്തി. പ്രവർത്തകരെ വിശ്വാസത്തിലെടുത്തു ചുമതലകൾ നൽകാൻ കഴിയുന്നയാൾ തലപ്പത്ത് എത്തുന്നതു ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ തോൽവിക്കു പിന്നാലെ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചിരുന്നു.
രൂക്ഷമായ ചേരിതിരിവിനെതുടർന്ന് ഏഴുമാസമായിട്ടും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. കെ. മുരളീധരന്റെ തോൽവിയിൽ വിമർശനവിധേയരായ നേതാക്കൾതന്നെ അധ്യക്ഷപദവിക്കായി ചരടുവലിയും തുടങ്ങി. ഇതിൽ ഒരുവിഭാഗം മുതിർന്ന നേതാക്കൾക്കും പ്രവർത്തകർക്കും എതിർപ്പുണ്ട്.
തോൽവിക്കു പിന്നാലെ കെപിസിസിയുടെ മൂന്നംഗസമിതി നടത്തിയ തെളിവെടുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നില്ലെങ്കിലും അതിന്റെ ഉള്ളടക്കത്തിൽ സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളില്ല. ഈ സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യനായ ഒരാൾ എന്ന നിലപാടിലേക്കു പാർട്ടി നേതൃത്വം എത്തിയെന്നാണ് വിവരം.
സംസ്ഥാന കോണ്ഗ്രസ് നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തലമുറമാറ്റവിവാദമാണ് നിയമനം വൈകാൻ കാരണം. ഏറെ വൈകാതെ ഇക്കാര്യത്തിലും തീരുമാനമാകുമെന്ന പ്രതീക്ഷയാണ് ജില്ലയിലെ നേതാക്കൾ പങ്കുവയ്ക്കുന്നത്.