കൂർക്കഞ്ചേരി- കുറുപ്പം റോഡ്; ഒരുഭാഗം ഗതാഗതത്തിനു തുറന്നുനൽകി
1486840
Friday, December 13, 2024 9:10 AM IST
തൃശൂർ: ആദ്യ രണ്ടു ഘട്ടങ്ങൾ കോണ്‍ക്രീറ്റിംഗ് പൂർത്തീകരിച്ച കൂർക്കഞ്ചേരി - കുറുപ്പം റോഡിന്റെ കൂർക്കഞ്ചേരി മുതൽ മെട്രോ ഹോസ്പിറ്റൽവരെയുള്ള ഭാഗം ഗതാഗതത്തിനായി തുറന്നു
നൽകി.
കൂർക്കഞ്ചേരി സെന്ററിൽ നടന്ന ചടങ്ങിൽ മേയർ എം.കെ. വർഗീസ് നാടമുറിച്ച് റോഡ് തുറന്നു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൗണ്‍സിലർമാരായ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സണ്, കരോളിൻ പെരിഞ്ചേരി, ജയപ്രകാശ് പൂവത്തിങ്കൽ, വിനേഷ് തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങിനിടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. റോഡ് നിർമാണം അശാസ്ത്രീയമെന്നും നിർമാണത്തിൽ അഴിമതിയുണ്ടെന്നും ആരോപിച്ചായിരുന്നു മുദ്രാവാക്യംവിളികളോടെ കൂർക്കഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തുവന്നത്. കടകളിലേക്ക് ഇറങ്ങാനും കയറാനും പറ്റാത്തവിധം അശാസ്ത്രീയമായാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതെന്നും കൊടുങ്ങല്ലൂർ റോഡുമായി ബന്ധിപ്പിക്കാൻ ഇതുവരെയും കോർപറേഷൻ സാധിച്ചിട്ടില്ലെന്നും കൊക്കാലെ റോഡ് പൊളിച്ചിട്ടിട്ട് ഒരു നിർമാണപ്രവർത്തനവും നടത്തുന്നില്ലെന്നും ജയപ്രകാശ് പൂവത്തിങ്കലും വിനേഷ് തയ്യിലും ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസിന്റെ അഴിമതി ആരോപണം വിഷയദാരിദ്ര്യമാണെന്നു മേയർ എം.കെ. വർഗീസ് പറഞ്ഞു.