രൂപരേഖയില്‍ മാറ്റംവരുത്തി ആമ്പല്ലൂരിലെ അടിപ്പാതനിര്‍മാണം ആരംഭിച്ചു
1487056
Saturday, December 14, 2024 6:51 AM IST
ആമ്പല്ലൂര്‍: മണ്ണിനു ബലമില്ലെന്നു കണ്ടെത്തിയതോടെ നിര്‍ത്തിവച്ച, ദേശീയപാതയിലെ ആമ്പല്ലൂര്‍ അടിപ്പാതയുടെ പണി പുനരാരംഭിച്ചു. നവീകരിച്ച രൂപരേഖപ്രകാരം ബോക്സ് ടൈപ്പ് അണ്ടര്പാസേജാണ് ദേശീയപാത അഥോറിറ്റി അംഗീകരിച്ചത്. നേരത്തേ പില്ലറിനായെടുത്ത കുഴികള്‍ മൂടിയിരുന്നു. ഇവ വീണ്ടും തുറന്ന് ആഴംകുറച്ച് കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയായി.
20 മീറ്റര്‍ വീതിയും അഞ്ചരമീറ്റര്‍ ഉയരവുമുളള അടിപ്പാതയുടെ ഘടനയില്‍ മാറ്റമില്ല. നേരത്തേ നാല് കൂറ്റന്പില്ലറുകളില് വെഹിക്കുലാര്‍ അണ്ടര്പാസേജായിട്ടാണ് അടിപ്പാത പണി ആരംഭിച്ചത്. എന്നാല്‍ 15 അടിയിലേറെ താഴ്ചയില്‍ കുഴിയെടുത്തശേഷം മണ്ണിന്റെ ബലക്കുറവ് കണ്ടെത്തിയതോടെ കുഴിച്ച കുഴികള്‍ മൂടുകയും അടിപ്പാതയുടെ പ്രധാന പില്ലറുകളുടെ പണി നിര്‍ത്തുകയുമായിരുന്നു. ഘടനയിലും രൂപരേഖയും മാറ്റംവരുത്തുന്നതു കരാര്‍കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും രൂപരേഖ അംഗീകരിക്കുകമാത്രമാണ് എന്‍എച്ച്എഐയുടെ ചുമതലയെന്നും പ്രോജക്ട് ഡയറക്ടര്‍ അന്‍സില്‍ ഹസന് അറിയിച്ചു.
പ്രാഥമികതയാറെടുപ്പുകള്പോലുമില്ലാതെ, അറിയിച്ചിരുന്നതിനെക്കാള് നേരത്തേയാണ് ആമ്പല്ലൂരില്‍ അടിപ്പാതയുടെ പണി തുടങ്ങിയത്. എന്നാല്‍ രണ്ടുമാസത്തോളമായിട്ടും പണിയില്‍ പുരോഗതി ഉണ്ടായിരുന്നില്ല. നീര്‍ത്തടങ്ങള്‍ ഏറെയുള്ള പ്രദേശത്തു മണ്ണുപരിശോധന നടത്താതെ പില്ലറുകള്‍ക്ക് കുഴിയെടുത്തതു വിമര്‍ശനത്തിനിടയാക്കിയിരുന്നു.
തുടര്‍ന്നാണ് കരാര്കമ്പനിയോട് അടിപ്പാതയുടെ പുതിയ രൂപരേഖ തയാറാക്കാന്‍ നിര്‍ദേശിച്ചത്. ദേശീയപാതയില്‍ ദിവസേന 50,000 വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്താണ് നിര്ദിഷ്ടഅടിപ്പാത വരുന്നത്. സാധാരണ അടിപ്പാതകളില്നിന്ന് വ്യത്യസ്തമായി വലിയ വാഹനങ്ങള്‍ക്കു മുകളിലൂടെ കടന്നുപോകാന്‍ സൗകര്യമുള്ള വലിയ പാലമാണ് ആമ്പല്ലൂര്‍ സെന്ററിലൂടെ കടന്നുപോകുന്നത്.
മണലി പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന അടിപ്പാത ആമ്പല്ലൂര്‍ സെന്റര്‍ കടന്ന് ശ്രീലക്ഷ്മി തിയേറ്ററിനു സമീപത്തായാണ് ദേശീയപാതയില്‍ ചേരുന്നത്.