പെൻഷൻ 15,000 രൂപയാക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം
1486841
Friday, December 13, 2024 9:10 AM IST
തൃശൂർ: മുതിർന്ന മാധ്യമപ്രവർത്തകർക്കുള്ള പ്രതിമാസ പെൻഷൻ 15,000 രൂപയാക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം - കേരള ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പിഎഫ് പെൻഷൻ മിനിമം 7500 രൂപയെങ്കിലുമാക്കണം. സംസ്ഥാനത്തു പകുതി പെൻഷൻ തുക അനുവദിച്ചവർക്കു പൂർണപെൻഷൻ അനുവദിക്കണം. മെഡിസെപ് ആരോഗ്യപദ്ധതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മുഖ്യധാരാ മാധ്യമപ്രവർത്തനത്തിൽനിന്നു വേറിട്ട് വെബ്സൈറ്റ് ജേണലിലൂടെ ബദൽപ്രവർത്തനത്തിനു മുതിർന്ന പത്രപ്രവർത്തകർ മുൻകൈയെടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പി. ബാലചന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു.
ഫോറം സംസ്ഥാനപ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, ആയുർജാക്ക് ഫാം ഉടമയായ ജൈവകർഷകൻ വർഗീസ് തരകൻ, ഫ്രാങ്കോ ലൂയിസ്, ജെ.ആർ. പ്രസാദ് എന്നിവരെ എംഎൽഎ ആദരിച്ചു. ജോണ്സണ് വി. ചിറയത്ത് അധ്യക്ഷനായി. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, എൻ. ശ്രീകുമാർ, ജോയ് എം. മണ്ണൂർ, കെ. കൃഷ്ണകുമാർ, ജോർജ് പൊടിപാറ, പി.ജെ. കുര്യാച്ചൻ എന്നിവർ പ്രസംഗിച്ചു.