സിപിഎം സമ്മേളനങ്ങളിലെ ചർച്ചകൾക്കു ചൂടേറും
1487062
Saturday, December 14, 2024 6:51 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോടതിവിധിയുടെ പശ്ചാത്തലത്തിൽ തൃശൂർ പൂരമടക്കമുള്ള ഉത്സവാഘോഷങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച പ്രതിസന്ധി സിപിഎം ഏരിയ, ജില്ലാ സമ്മേളനങ്ങളിൽ സജീവചർച്ചയാകും.
പൂരം പ്രതിസന്ധി ബിജെപി ഏറ്റുപിടിക്കുമെന്നും അടിയന്തരമായി ഇടപെടണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. കോടതിവിധിയെ എതിർക്കാനാകില്ലെങ്കിലും സർക്കാർ ഇടപെട്ടെന്നു വരുത്തിത്തീർത്തില്ലെങ്കിൽ വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ കോർപറേഷനിൽ തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യം ഏരിയാ സമ്മേളനങ്ങളിൽ ചർച്ചചെയ്തു ഫെബ്രുവരിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിനുമുന്പ് തീരുമാനത്തിലെത്തണമെന്നാണ് ആവശ്യം. നാളെ നടക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചയാകും.
ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് പ്രതിസന്ധികളിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു. ജില്ലയിൽ ബിജെപി കരുത്താർജിക്കുന്നതിനെതിരേ സ്വീകരിക്കേണ്ട നടപടികൾ ഏരിയാ സമ്മേളനങ്ങളിൽ ചർച്ചയാവും. ലോക്സഭാ തെരഞ്ഞെടുപ്പിൽ പലയിടത്തും ബിജെപിക്കു വോട്ടുകൂടിയത് തദ്ദേശതെരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളും, തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി തൃശൂരിൽ സജീവമല്ലെന്ന പരാതി ഉയർത്താനുള്ള നടപടികളും ഏരിയാ സമ്മേളനങ്ങളിൽ സ്വീകരിക്കും.
പാർട്ടിക്കുള്ളിലെ വിഭാഗീയത സിപിഎം ഏരിയാ സമ്മേളനങ്ങളിൽ തലവേദനയാകുമെങ്കിലും പരമാവധി ഒതുക്കുന്നതിന്റെ ഭാഗമായാണു നാളെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ടു ജില്ലാ കമ്മിറ്റി യോഗത്തിൽ സാന്നിധ്യമറിയിക്കുന്നത്. കരുവന്നൂർ കേസ്, വൈദ്യുതി നിരക്കുവർധന, കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പ് എന്നിവ ഏരിയാ സമ്മേളനങ്ങളിൽ പ്രതിഫലിക്കുന്നതു മുൻകൂട്ടിക്കണ്ട് നേരിടാനുള്ള തന്ത്രങ്ങളും നാളത്തെ യോഗത്തിൽ ചർച്ചചെയ്യും.