പരിമിതികളിൽ തളരാതെ അവർ ഒരുക്കി വൈവിധ്യങ്ങളുടെ കലവറ
1486842
Friday, December 13, 2024 9:10 AM IST
തൃശൂർ: ഉണ്ണിയപ്പംമുതൽ അച്ചപ്പംവരെയുള്ള ബേക്കറി പലഹാരങ്ങൾ, ഹാൻഡ് വാഷ് മുതൽ ഡിഷ് വാഷ് വരെയുള്ള ഡിറ്റർജന്റുകൾ, വിവിധ സുഗന്ധസോപ്പുകൾ, വൈൻ, കാർപ്പെറ്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശ്രേണിയുമായി ഒരു മേള. ഭിന്നശേഷിക്കാരായ കുട്ടികളുടെയും വൃദ്ധസദനത്തിലെ അന്തേവാസികളുടെയും പ്രദർശന വിപണനമേള കൂടെ 3. 0 ന് കളക്ടറേറ്റ് അങ്കണത്തിൽ തുടക്കമായി.
ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒരുക്കിയിരിക്കുന്ന മേളയിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം തയാറാക്കിയ 12 ഇനങ്ങൾ ഉൾപ്പെടുന്ന ക്രിസ്മസ് സമ്മാനവും 599 രൂപ നിരക്കിൽ ലഭ്യമാണ്.
വേലൂർ തളിർ ബിആർസി, മണലൂർ സ്നേഹാരം സ്പെഷൽ സ്കൂൾ, മണ്ണുത്തി സ്നേഹദീപ്തി സ്കൂൾ, കണ്ണാറ ജയ്ക്രിസ്റ്റോ സദൻ സ്പെഷൽ സ്കൂൾ, ചേറൂർ സെന്റ് ജോസഫ് സ്കൂൾ, ഗുരുവായൂർ ഇൻസൈറ്റ് സ്പെഷൽ സ്കൂൾ, വല്ലച്ചിറ ഹോളിഫാമിലിസ് സ്പെഷൽ സ്കൂൾ തുടങ്ങി വിവിധ ബഡ്സ് സ്പെഷൽ സ്കൂളുകൾ, വൃദ്ധസദനം എന്നിവിടങ്ങളിലെ അന്തേവാസികളാണ് മേളയുടെ ഭാഗമായത്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. യു. സലീൽ അധ്യക്ഷനായി, സബ് കളക്ടർ അഖിൽ വി. മേനോൻ, അസിസ്റ്റന്റ് കളക്ടർ അതുൽ സാഗർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി. മീര, പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോണ്സൺ അന്തിക്കാട്ട്, കുടുംബശ്രീ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ കെ.കെ. പ്രസാദ്, സിജു കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ശോഭു നാരായണ്, കെ.ജെ. സിത്താര, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥ ബിനി തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി പോപ്പ് പോൾ മേഴ്സി ഹോം കുട്ടികളുടെ ചെണ്ടമേളവും ഉണ്ടായിരുന്നു. മേള ഇന്നു സമാപിക്കും.