നല്ല ഇടയന്മാരുടെ ജന്മദിനം ആഘോഷമാക്കി തൃശൂർ പൗരാവലി
1487071
Saturday, December 14, 2024 6:52 AM IST
തൃശൂർ: നല്ല ഇടയന്മാരുടെ ജന്മദിനം ആഘോഷമാക്കി തൃശൂർ പൗരാവലി. പിറന്നാൾമധുരം നുകർന്ന് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയും. ആശംസാപ്രവാഹവുമായി നാനാതുറകളിൽനിന്നുള്ളവരും.
പിതാക്കന്മാരുടെ ജന്മദിനം തൃശൂർ പൗരാവലിയും ബോണ്‍നത്താലെ കമ്മിറ്റിയും സംയുക്തമായി തൃശൂരിൽ കരുണാദിനമായാണ് ആഘോഷിച്ചത്. ശാരീരികവിഷമതകളെതുടർന്ന് മാർ ജേക്കബ് തൂങ്കുഴി ചടങ്ങിന് എത്തിയില്ല.
പിതാക്കന്മാരുടെ ജീവിതവും പ്രവർത്തനവും ജനങ്ങൾക്കു നൽകുന്ന പ്രകാശവും ഊർജവും വളരെ വലുതാണെന്ന് ആശംസാപ്രസംഗത്തിൽ മന്ത്രി കെ. രാജൻ പറഞ്ഞു.
തൃശൂർ ഡിബിസിഎൽസി ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖർ മാർ താഴത്തിനു ജന്മദിനാശംസകൾ നേർന്നു.
ബോണ്‍ നത്താലെ രക്ഷാധികാരിയും മേയറുമായ എം.കെ. വർഗീസ് അധ്യക്ഷനായി. കൽദായ സുറിയാനിസഭ അധ്യക്ഷൻ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി ഓർത്തഡോക്സ് ബിഷപ് കുരിയാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് എൻ. ബാലഗോപാൽ, സെക്രട്ടറി ജി. രാജേഷ്, തിരുവന്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെന്പർ പ്രേംരാജ്, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സജീവ് മഞ്ഞില, സോളി തോമസ്, ഇസാഫ് എംഡിയും സിഇഒയുമായ കെ. പോൾ തോമസ്, മകൻ അലോക്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് അഡ്വ. ജോസഫ് ടാജറ്റ്, ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മുൻ എംഎൽഎമാരായ എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, ബോണ്‍ നത്താലെ വർക്കിംഗ് ചെയർമാൻ ഫാ. അജിത്ത് തച്ചോത്ത്, ജനറൽ കണ്‍വീനർ എ.എ. ആന്റണി, ബെസ്റ്റ് ഗ്രൂപ്പ് എംഡി പി.കെ. ജലീൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കരുണാദിനത്തിന്റെ ഭാഗമായി പുത്തൂരും മനക്കൊടിയിലും രണ്ടു നിർധനകുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിടലും ആഘോഷപരിപാടികളുടെ ഭാഗമായി ജന്മദിന കേക്ക് മുറിക്കൽ, ക്രിസ്മസ് സൗഹൃദസംഗമം എന്നിവയും ഉണ്ടായിരുന്നു.