ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
1486852
Friday, December 13, 2024 9:11 AM IST
ഇരിങ്ങാലക്കുട: എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 99 ലക്ഷം രൂപ ഉപയോഗിച്ച് ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നിലവിലുള്ള പഴയ ഓഡിറ്റോറിയം പൊളിച്ച് ആധുനികരീതിയില്‍ നിര്മിക്കുന്നതിനെെച്ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തില്‍ ബഹളം.
ഓഡിറ്റേറിയം നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതിക്കായി കത്ത് അയക്കാമെന്ന് ചെയര്‍പേഴ്സണ്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ പൊളിച്ചുമാറ്റാനുള്ള അനുമതി 15നുള്ളില്‍ ലഭിച്ചില്ലെങ്കില്‍ ഒരുകോടിയോളം രൂപ നഷ്ടപ്പെടുമെന്നും ഭരണപക്ഷം അജന്‍ഡ മനപൂര്‍വം വൈകിച്ചുവെന്നും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി വിമര്‍ശിച്ചു.
ഇന്നസെന്റിന്റെ പേരില്‍ നിർമിക്കുന്ന ഓഡിറ്റോറിയത്തിന് തടസം സൃഷ്ടിക്കുന്നത് നന്ദികേടാണെന്നും അനുമതി നല്‍കണമെന്നും എല്‍ഡിഎഫ് അംഗങ്ങളായ അഡ്വ.കെ.ആര്. വിജയ, സി.സി. ഷിബിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സ്കൂള്‍ അധികൃതരില്‍ നിന്നും അപേക്ഷലഭിച്ചത് കഴിഞ്ഞ മാസം മാത്രമാണെന്നും പദ്ധതിക്ക് ആരും തടസം നിന്നിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു.
തര്ക്കംതുടര്ന്ന സാഹചര്യത്തില്‍ അജന്‍ഡ മാറ്റിവയ്ക്കുകയാണെന്ന് ചെയര്‍പേഴ്സണ്‍ പ്രഖ്യാപിച്ചു. തുടർന്ന് വിഷയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി.
വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ഓഡിറ്റോറിയം നിർമാണത്തിന് കൗണ്‍സില്‍ അനുമതിനല്‍കാനും പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള അനുമതി സര്‍ക്കാരില്‍നിന്നു തേടാനും ലഭിച്ചില്ലെങ്കില്‍ സ്കൂളില്‍തന്നെ അനുയോജ്യമായ മറ്റൊരുസ്ഥലത്ത് ഓഡിറ്റോറിയം നിർമിക്കാനും യോഗം തീരുമാനിച്ചു.
വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമത്തിനുള്ള പരിഹാരത്തെ സംബന്ധിച്ചും നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യനീക്കത്തെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.