ആന എഴുന്നള്ളിപ്പ്: കർശന നിർദേശങ്ങളുമായി കൊച്ചിൻ ദേവസ്വം ബോർഡ്
1486844
Friday, December 13, 2024 9:10 AM IST
തൃശൂർ: കൊച്ചിൻ ദേവസ്വംബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളിപ്പിനു കർശന നിർദേശങ്ങൾ പുറത്തിറക്കി ദേവസ്വം ബോർഡ്.
ആനകളെ എഴുന്നള്ളിക്കുന്ന സമയത്തിന്റെ കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് ദേവസ്വം മാനേജർമാർ, ഓഫീസർ, ജൂണിയർ ദേവസ്വം ഓഫീസർ എന്നിവർക്കായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പകർപ്പ് ക്ഷേത്ര ഉപദേശകസമിതികൾക്കും നൽകണം. ആറിനു ചേർന്ന ബോർഡ് തീരുമാനപ്രകാരമാണു ഉത്തരവ്. ഉത്സവങ്ങൾക്ക് ഒരുമാസം മുന്പ് അനിമൽ വെൽഫെയർ ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി മുന്പാകെ ആനയെഴുന്നള്ളിപ്പിന് അപേക്ഷ നൽകണം.
ആനയുടെ പേര്, തിരിച്ചറിയൽ അടയാളം, എഴുന്നള്ളിക്കുന്ന തീയതി, താത്കാലിക സംരക്ഷണത്തിന് ഏർപ്പെടുത്തിയ സൗകര്യങ്ങൾ, എഴുന്നള്ളിപ്പിന്റെ വഴി, സമയം, സ്ഥലം, എഴുന്നള്ളിപ്പിനു പത്തുദിവസം മുന്പും അഞ്ചു ദിവസത്തിനുശേഷവുമുള്ള യാത്രാ വിവരങ്ങൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മദകാലവുമായി ബന്ധപ്പെട്ടു വെറ്ററിനറി സർജന്റെ സർട്ടിഫിക്കറ്റ്, 12 മാസത്തിനിടെ ആന വിരണ്ട സംഭവമുണ്ടെങ്കിൽ അക്കാര്യങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തണം.
താത്കാലികസംരക്ഷണമൊരുക്കുന്ന സ്ഥലത്ത് നിയമപ്രകാരമുള്ള ഭക്ഷണമുണ്ടെന്ന് ഉറപ്പാക്കണം, താത്കാലിക ഷെൽട്ടറിനു കുറഞ്ഞത് 5.5 മീറ്റർ ഉയരവും 54 മീറ്റർ വിസ്തീർണവും ഉണ്ടാകണം. ചലിക്കാൻ മതിയായ ഇടമുണ്ടാകണം. താത്കാലിക ഷെൽട്ടറിന്റെ തറ പ്രകൃതിദത്തവസ്തുക്കളാൽ നിർമിച്ചതാകണം. മാലിന്യങ്ങൾ നീക്കാനുള്ള സംവിധാനമുണ്ടാകണം. ആനകൾ സ്വന്തം മാലിന്യത്തിൽ നിൽക്കാനുള്ള സാഹചര്യവും പാടില്ല.
എഴുന്നള്ളത്തുമായി ബന്ധപ്പെട്ടും കർശന നിർദേശങ്ങളുണ്ട്. ആനകൾക്കിടെ മൂന്നുമീറ്റർ അകലം, തീവെട്ടി-തീപ്പന്തം എന്നിവയിൽനിന്ന് അഞ്ചു മീറ്റർ അകലം, ബാരിക്കേഡുകൾ നിർമിച്ച് ജനങ്ങളെ ആനകളിൽനിന്ന് എട്ടുമീറ്റർ അകലത്തിൽ നിർത്തണം, വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്ന് 100 മീറ്റർ അകലെയാകണം എഴുന്നള്ളത്ത്, എഴുന്നള്ളത്തുസ്ഥലത്തു മതിയായ തണൽ, നേരിട്ടു സൂര്യപ്രകാശം ആനയിൽ പതിക്കുന്ന തരത്തിൽ എഴുന്നള്ളത്ത് പാടില്ല, കുടിവെള്ളം, ഭക്ഷണം എന്നിവ നൽകാനുള്ള സംവിധാനം, അപകടസമയത്ത് ആനകളെയും ജനങ്ങളെയും പ്രത്യേകം ഒഴിപ്പിക്കാനുള്ള അഗ്നിശമനവിഭാഗം അംഗീകരിച്ച ഒഴിപ്പിക്കൽ പദ്ധതി എന്നിവയുണ്ടാകണം.
പൊതുവഴിയിൽ ഒന്പതുമുതൽ വൈകീട്ട് അഞ്ചുവരെ എഴുന്നള്ളിപ്പുകൾ പാടില്ല. രാത്രി 10 മുതൽ വെളുപ്പിനു നാലുവരെ യാത്ര ചെയ്യിക്കാൻ പാടില്ല. ഈ സമയം കെട്ടുംതറികളിൽ നിർത്തി കൃത്യമായി പരിപാലിക്കണം.
മൂന്നുമണിക്കൂറിൽ കൂടുതൽ എഴുന്നള്ളിപ്പിക്കാൻ പാടില്ല. 30 കിലോമീറ്റിൽ അധികം നടത്താനോ 125 കിലോമീറ്ററിൽ കൂടുതൽ ലോറികളിൽ യാത്ര ചെയ്യിക്കാനോ പാടില്ല. തുടർച്ചയായ 24 മണിക്കൂറിൽ എട്ടുമണിക്കൂർ വിശ്രമവും ഉറപ്പാക്കണം.
ആനയുമായി ബന്ധപ്പെട്ട് എല്ലാ രജിസ്റ്ററുകളും പാലിക്കണമെന്നും എഴുന്നള്ളിക്കുന്ന സ്ഥലങ്ങളിൽ എലിഫന്റ് സ്ക്വാഡ് എന്ന പേരിലുള്ള സംഘടനകളെ നിയോഗിക്കാൻ പാടില്ലെന്നും ദേവസ്വം ബോർഡ് ഉത്തരവിൽ പറയുന്നു.