ഭക്തര്‍ ദ്വാദശിപ്പണസമര്പ്പണംനടത്തി
1486843
Friday, December 13, 2024 9:10 AM IST
ഗുരുവായൂര്‍: ഏകാദശിവ്രതപുണ്യത്തിന്റെ പൂര്‍ണതയ്ക്കായി ഭക്തര്‍ ദ്വാദശിപ്പണസമര്പ്പണംനടത്തി. ക്ഷേത്രകൂത്തമ്പലത്തില്‍ പുലര്‍ച്ചെ പന്ത്രണ്ടോടെയാണ് ചടങ്ങാരംഭിച്ചത്.
ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ അഗ്നിഹോത്രികള് ദക്ഷിണ സ്വീകരിച്ച് ഭക്തരെ അനുഗ്രഹിച്ചു. ഗുരുവായൂരപ്പനെ ദര്‍ശിച്ച് ദ്വാദശിദക്ഷിണ സമര്‍പ്പിച്ച് അനുഗ്രഹംവാങ്ങിയ ഭക്തര്‍ നിര്‍വൃതിയോടെ മടങ്ങി. 14,615,72 രൂപ ദക്ഷിണയായി ലഭിച്ചു. ദ്വാദശിദക്ഷിണ നാലായി ഭാഗിച്ച് ഒരുഭാഗമായ 3,65,393 രൂപ ദേവസ്വത്തിനും ബാക്കി മൂന്നുഭാഗം ഒരോ ഗ്രാമക്കാര്ക്കുമുള്ളതാണ്. യാഗാഗ്നി സംരക്ഷിക്കുന്നതിനും വേദപഠനത്തിനും ഈ തുക ഉപയോഗിക്കും.
ശുകപുരം ഗ്രാമത്തിൽനിന്ന് ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് ശ്രീകണ്ഠൻ സോമയാജിപ്പാട്, പുത്തില്ലത്ത് രാമനുജന്‍ അക്കിത്തിരിപ്പാട്, പെരുവനം ഗ്രാമത്തിലെ പെരുമ്പടപ്പ് വൈദികന് ഹൃഷികേശന്‍ സോമയാജിപ്പാട്, ആരൂര്‍ വാസുദേവന്‍ അടിതിരിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിലെ നടുവിൽപഴയിടം നീലകണ്ഠൻ അടിതിരിപ്പാട് എന്നിവര്‍ ദക്ഷിണ സ്വീകരിച്ച് ഭക്തരെ അനുഗ്രഹിക്കാന്‍ കൂത്തമ്പലത്തില്‍ ഉപവിഷ്ടരായി.
ദ്വാദശിപ്പണ സമര്‍പ്പണച്ചടങ്ങ് രാവിലെ ക്ഷേത്രനട അടയ്ക്കുന്നതുവരെ നീണ്ടു. തുടര്‍ന്ന് ഏകാദശിവ്രതമെടുത്ത ആയിരക്കണക്കിനു ഭക്തര്‍ ദ്വാദശി ഊട്ടില്‍ പങ്കെടുത്തു. ക്ഷേത്രനട അടച്ചതിനുശേഷം തന്ത്രിമാര്‍, ഓതിക്കന്മാര് എന്നിവരുടെ കാര്‍മികത്വത്തില്‍ മണിക്കിണറും ശ്രീലകവും, കീഴ്ശാന്തിക്കാര്‍ രുദ്രതീര്ഥക്കുളത്തിലും പുണ്യാഹംനടത്തി. തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂജാചടങ്ങുകള്‍ നടന്നു. ഇന്നു ത്രയോദശി ഊട്ടോടെ ഏകാദശിച്ചടങ്ങുകള്‍ സമാപിക്കും.