നികുതിക്കൊള്ളയുമായി വീണ്ടും കോർപറേഷൻ
1487061
Saturday, December 14, 2024 6:51 AM IST
തൃശൂർ: കോർപറേഷൻപരിധിയിലെ വീടുകൾക്കു വൻതുക നികുതിയും പിഴപ്പലിശയും ചുമത്തി വീണ്ടും നോട്ടീസ്. 2000 ചതുരശ്രയടിക്കു മുകളിലുള്ള വീടുകൾക്ക് ആറുമാസംമുന്പുള്ള തീയതിവച്ചിട്ടുള്ള നോട്ടീസ് അടുത്തിടെയാണ് ലഭിച്ചത്. 2016 മുതലുള്ള നികുതി കണക്കാക്കി, കോർപറേഷൻ സെക്രട്ടറിയുടെ ഒപ്പും സീലുമില്ലാത്ത നോട്ടീസാണ് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി കൈമാറിയത്. അരലക്ഷത്തോളം രൂപയാണ് മിക്ക വീട്ടുകാരും അടയ്ക്കേണ്ടത്.
2016ൽ നടപ്പാക്കേണ്ട നികുതിപരിഷ്കാരം എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണനേതൃത്വം പൂഴ്ത്തിവച്ചതിന്റെ തിക്തഫലമാണ് നാട്ടുകാർ അനുഭവിക്കുന്നതെന്നു പ്രതിപക്ഷനേതാക്കൾ പറഞ്ഞു. 2013ൽ ഉമ്മൻചാണ്ടി സർക്കാരാണ് കെട്ടിടങ്ങളുടെ വിസ്തീർണത്തിന് അനുസൃതമായ നികുതിപരിഷ്കാരം നടപ്പാക്കിയത്. ഇതു ഭൂരിപക്ഷം പഞ്ചായത്തുകളും കോർപറേഷനുകളും നടപ്പാക്കിയില്ല. ഇതേത്തുടർന്നു 2019ൽ മൂന്നുവർഷത്തെ മുൻകാലപ്രാബല്യത്തിൽ നികുതി പിരിക്കാൻ പിണറായി സർക്കാർ വീണ്ടും ഉത്തരവിറക്കിയെങ്കിലും 2020ലെ തദ്ദേശതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ എൽഡിഎഫ് ഭരണസമിതി ഉത്തരവ് പൂഴ്ത്തി. ഇതറിയാതെ പഴയ നിരക്കിൽ നികുതിയടച്ച വീട്ടുകാർക്കും കെട്ടിട ഉടമകൾക്കുമാണ് പതിനായിരങ്ങൾ കുടിശികയുണ്ടെന്നു ചൂണ്ടിക്കാട്ടി കോർപറേഷൻ നോട്ടീസ് നൽകുന്നത്.
ഉത്തരവ് പൂഴ്ത്തിവച്ച വിവരം 2023ലെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. ഉത്തരവാദികളിൽനിന്ന് 2016 മുതലുള്ള കുടിശിക കണ്ടുകെട്ടണമെന്നും നിർദേശിച്ചു. ഫയൽ പൂഴ്ത്തിയവരുടെ പേരിൽ നടപടിയുണ്ടാകുമെന്നു വ്യക്തമായതോടെയാണ് അധിക തുക ചുമത്തിയുളള നോട്ടീസ് നൽകുന്നത്. 2016 മുതലുള്ള അധികനികുതി, ഗ്രന്ഥശാലവരി, സേവന ഉപനികുതി, പിഴപ്പലിശ ഇനങ്ങളിലാണ് പണം അടയ്ക്കേണ്ടത്.
മൂന്നുവർഷത്തിൽ കൂടുതലുള്ള നികുതികുടിശിക പിരിക്കാൻ പാടില്ലെന്നാണു മുനിസിപ്പൽ ആക്ടിൽ പറയുന്നത്. 2019ലെ ഉത്തരവിൽ 2016 മുതലുള്ള നികുതി പിരിക്കാൻ നിർദേശിച്ചത് ഈ സാഹചര്യത്തിലാണ്.
2023ൽ അയ്യായിരം രൂപ നികുതിയടച്ചവർക്കു പിഴപ്പലിശയടക്കം ഒന്നരലക്ഷത്തോളം നൽകേണ്ട സ്ഥിതിയാണെന്നു കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. പിഴപ്പലിശ ഒഴിവാക്കുമെന്ന് ഇപ്പോൾ പറയുന്നുണ്ടെങ്കിലും നികുതി അടച്ചവർക്ക് ഇതു ഗുണംചെയ്യില്ല. കോടിക്കണക്കിനു രൂപയാണ് പിഴപ്പലിശയിനത്തിൽ കോർപറേഷൻ വാങ്ങിയത്. ഇതു ഭാവിയിലെ നികുതിയിൽ കിഴിവു ചെയ്യുമെന്നു പറയുന്നതും ജനങ്ങളോടുള്ള വഞ്ചനയാണെന്നു നേതാക്കൾ വിമർശിക്കുന്നു.