ആംബുലൻസ് പാടത്തേക്കു മറിഞ്ഞു
1487058
Saturday, December 14, 2024 6:51 AM IST
ചേലക്കര: രോഗിയെ ആശുപത്രിയിലാക്കി മടങ്ങുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് നഴ്സിനു പരിക്ക്. പാലക്കാട് സ്വദേശിനി ബിൻസിക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ചേലക്കര മേപ്പടം കൽത്തൊട്ടി പാടത്തേക്കാണ് ആംബുലൻസ് മറിഞ്ഞത്. പാലക്കാടുനിന്നു തൃശൂർ മെഡിക്കൽ കോളജിലേക്ക് രോഗിയെ കൊണ്ടുവന്നു തിരിച്ചു പോയിരുന്ന ആംബുലൻസാണ് റോഡരികിലെ സംരക്ഷണഭിത്തികൾ തകർത്തു പാടത്തേക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് തലയ്ക്കു പരിക്കേറ്റ നഴ്സിനെ ആദ്യം ചേലക്കര മേപ്പാടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം വിദഗ്ധചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.
കൂടെയുണ്ടായിരുന്ന ഡ്രൈവർ നിസാമുദ്ദീൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചേലക്കര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.