ഹൈക്കോടതിനിർദേശങ്ങൾ പാലിച്ച് വർണാഭമാക്കി കീഴൂർ പൂരം
1487073
Saturday, December 14, 2024 6:52 AM IST
കുന്നംകുളം: ഉത്സവ ആഘോഷങ്ങൾ നടത്തുന്നതിനെതിരേ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെ ടുത്തി ഹൈക്കോടതി ഇറക്കിയ ഉത്തരവിനുശേഷം ഇന്നലെ നടന്ന കീഴൂർ പൂരം ആശങ്കകൾക്കിടയിലും വർണാഭമായി. വൈകീട്ട് അഞ്ചുവരെ ആനകളെ റോഡിൽ ഇറക്കി എഴുന്നള്ളിപ്പിക്കരുതെന്ന കോടതിനിർദേശം പാലിച്ചുകൊണ്ട് അഞ്ചോടെയാണ് ക്ഷേത്രനടയിലേക്ക് ആനകളുമായി പൂരങ്ങൾ എത്തിയത്. 30 ഉത്സവ ആഘോഷ കമ്മിറ്റികളാണ് പൂരത്തിൽ പങ്കെടുത്തത്.
ഓരോ കമ്മിറ്റിക്കാരും തിടമ്പേറ്റിയ ഓരോ ആനകളുമായാണ് ക്ഷേത്രത്തിൽ എത്തിയത്. വൈകീട്ട് അഞ്ചിനുശേഷം നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 30 ആനകൾ മാത്രമാണു പങ്കെടുത്തത്. ഒന്നിൽകൂടുതൽ ആനകളെ നേരത്തേ ഏൽപ്പിച്ചിരുന്ന കമ്മിറ്റിക്കാർ ബാക്കിയുള്ളവയെ ഒഴിവാക്കി. പല ദേശ കമ്മിറ്റിക്കാരും അവരവരുടെ ദേശകേന്ദ്രങ്ങളിൽ ഒരു മണിക്കുതന്നെ പൂരം എഴുന്നള്ളിക്കുകയും മേളം തുടരുകയും ചെയ്തു.
അഞ്ചോടെയാണ് ഇവർ പിന്നീട് ക്ഷേത്രനടയിൽ എത്തിയത്. ആനയ്ക്ക് മുൻവശം എട്ടുമീറ്റർ വീതിയിൽ ആളുകളെ തടഞ്ഞുകൊണ്ട് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. തുടർന്നുനടന്ന പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി ഉണ്ണിനായർ നേതൃത്വം നൽകി. കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുത്ത ആനകളെ നിശ്ചിത അകല ത്തിൽതന്നെയാണ് നിർത്തിയിരുന്നത്. ഇതിനിടെ പരമ്പരാഗതവേലകളും തെയ്യക്കാഴ്ചകളും പതിവുപോലെ ഘോഷമായി സന്ധ്യയോടെ ക്ഷേത്രാങ്കണത്തിലെത്തി. രാത്രി വിളക്കാചാര ചടങ്ങുകളോടെ കാർത്തികവിളക്ക് എഴുന്നള്ളിപ്പും ഉണ്ടായി. രാത്രിപ്പൂരം സാധാരണപോലെ എഴുന്നള്ളിച്ചു.
എന്നാൽ, നാട്ടാനപരിപാലന ചട്ട ലംഘനം, കോടതിയലക്ഷ്യം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൂരംസംഘാടകരായ സംയുക്ത ഉത്സവാഘോഷ കമ്മി റ്റിക്കെതിരേ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.