എഐസിടിഇ അധ്യാപക ശില്പശാല
1486847
Friday, December 13, 2024 9:11 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ "റോബോട്ടിക്സ്: വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തില്‍ ആറ് ദിന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം (എഫ്ഡിപി) സംഘടിപ്പിച്ചു. ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്റെ (എഐസിടിഇ) അടല്‍ പദ്ധതിയുടെ കീഴിലാണ് ശില്പശാല സംഘടിപ്പിച്ചത്. എന്‍പിഒഎല്‍ മുന്‍ അസോസിയേറ്റ് ഡയറക്ടറും ഔട്ട്സ്റ്റാന്‍ഡിംഗ് സയനന്റിസ്റ്റുമായ ഡോ. എ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ആറ് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ അണ്ടര്‍ വാട്ടര്‍ റോബോട്ടിക്സ്, മെഡിക്കല്‍ ഡിവൈസ് ഒട്ടോമേഷന്‍, റോബോട്ടിക്സും നിര്‍മിത ബുദ്ധിയും, കമ്പ്യൂട്ടര്‍ വിഷന്‍, മൊബൈല്‍ മാനിപ്പുലേറ്റേഴ്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങളും പരിശീലനവും നടന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അക്കാദമിക്, ഇന്‍ഡസ്ട്രി വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. വിവിധ കോളജുകളില്‍ നിന്നായി മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്ത മുപ്പത് അധ്യാപകരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. വിശ്വനാഥ് കൈമള്‍, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വി.കെ. നിതിന്‍ എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ സംഘാടക സമിതിയാണ് എഫ്ഡിപി സംഘടിപ്പിച്ചത്.