കടമ്പ്രയാറില്‍ 4.5 കോടിയുടെ ടൂറിസം വികസന പദ്ധതി
1540835
Tuesday, April 8, 2025 4:45 AM IST
കൊച്ചി: ബ്രഹ്മപുരത്തിന് താഴെ മാലിന്യപ്പുഴയായി ഒഴുക്ക് നിലച്ചുകിടക്കുന്ന കടമ്പ്രയാറിനെ സംരക്ഷിക്കാന്‍ 4.5 കോടിയുടെ ടൂറിസം വികസന പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി). ഏറെക്കാലം മുന്‍പ് വിഭാവനം ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുന്നത്.
പുഴയോരത്ത് 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാത, ബോട്ടിംഗ് സെന്റർ, ഇക്കോടൂറിസം അധിഷ്ഠിത റസ്റ്ററന്റ്, ഓപ്പണ്‍ ജിം, കുട്ടികളുടെ കളിസ്ഥലം, ഇരുകരകളെയും ബന്ധിപ്പിച്ച് രണ്ട് തൂക്കുപാലങ്ങള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്. നടപ്പാതയില്‍ ആധുനിക ലൈറ്റിംഗ് സംവിധാനങ്ങളും ഇരിപ്പിടങ്ങളും ഉണ്ടാകും. സായാഹ്നങ്ങൾ ചെലവഴിക്കാന്‍ യുവാക്കളെയും കുട്ടികളെയും ആകര്‍ഷിക്കും വിധമാണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങിയവയും കേബിള്‍ കാറും പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേബിള്‍ കാറിന്റെ പ്രായോഗികവും സാങ്കേതികവും വാണിജ്യപരവുമായ സാധ്യതകള്‍ പഠിക്കുന്നതിനായി വണ്ടര്‍ലാ വാട്ടര്‍ തീം പാര്‍ക്കിന്റെ സഹായം തേടിയിട്ടുണ്ട്. കൂടാതെ പുഴയ്ക്ക് കുറുകെ വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്ത് ഓപ്പണ്‍ ഡൈനിംഗ് ആശയത്തില്‍ ഭക്ഷണം കഴിക്കാനുള്ള ക്രമീകരണവും ആലോചനയിലുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം ഐടി ജീവനക്കാരെ ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൊച്ചിയില്‍ നവകേരള സദസിലാണ് ഡിടിപിസി ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന് കൈമാറിയത്. നാലരക്കോടിയാണ് എസ്റ്റിമേറ്റ് നല്‍കിയതെങ്കിലും മൂന്നരക്കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക ടൂറിസം വകുപ്പില്‍ നിന്ന് കണ്ടെത്താനാണ് ആലോചന. പദ്ധതിക്ക് ഭരണാനുമതി ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം ജില്ലാ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരം പദ്ധതിക്ക് ആവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ ലഭിക്കുന്നതോടെ ശേഷിക്കുന്ന തുക കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡിടിപിസി.