രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ
1540806
Tuesday, April 8, 2025 4:08 AM IST
മൂവാറ്റുപുഴ: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. ചാലക്കുടി പോട്ടയിൽനിന്നും നഗരത്തിലെ പ്രമുഖ കോളജിലെ വിദ്യാർഥികൾക്കായി കൊണ്ടുവന്ന രാസലഹരിയാണ് എക്സൈസ് പിടിച്ചെടുത്തത്.
മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ ഹോസ്റ്റൽപടി നടുത്തോട്ടത്തിൽ ജിനോ (24), പാലക്കാട് പുത്തൻപുര സുവീഷ് (31) എന്നിവരാണ് പിടിയിലായത്. പ്രതികളിൽനിന്നു 3840 മില്ലിഗ്രാം എംഡിഎംഎ, മൊബൈൽ ഫോണുകൾ, ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബുകൾ എന്നിവയും പിടിച്ചെടുത്തു.
പേഴക്കാപ്പിള്ളി ഭാഗത്ത് നടത്തിയ പരിശോധനയിൽ ഗ്രീൻ ഹൗസ് ഹോംസ്റ്റേ റോഡിലെ അറവുശാല പരിസരത്തുനിന്നു 240 മില്ലിഗ്രാം എംഡിഎംഎയുമായി പേഴക്കാപ്പിള്ളി സ്വദേശികളായ ചേന്നര അൽ അനൂദ്, എടപ്പറ മാഹിൻ എന്നിവരെയും പിടികൂടി. വരും ദിവസങ്ങളിലും ലഹരി ഉപയോഗത്തിനെതിരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.