ശ്രദ്ധേയമായി ‘സഹോദരീ സംഗമം’
1540816
Tuesday, April 8, 2025 4:23 AM IST
അങ്കമാലി: സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് യോർദനാപുരം ഇടവകയിൽ സംഘടിപ്പിച്ച വ്യത്യസ്തമായ കൂട്ടായ്മ ‘സഹോദരീസംഗമം’ നാടിന് മാതൃകയായി. ഈ ഇടവകയിൽ നിന്നും വിവാഹം കഴിഞ്ഞും, സന്യസ്തജീവിതം തെരഞ്ഞെടുത്തും മറ്റു നാടുകളിൽ കഴിയുന്ന എല്ലാ സഹോദരിമാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സഹോദരീസംഗമം നടത്തിയത്.
പെരുന്നാളുകൾക്കോ കുടുംബക്കാരുടെ ചടങ്ങുകൾക്കോ മാത്രമായി സന്ദർശകരാകുന്ന നാടിന്റെ ഈ പെണ്മക്കൾക്ക് പഴയ സൗഹൃദങ്ങളും കൂട്ടായ്മകളും അന്യമാകുന്ന സാഹചര്യത്തിലാണ് സംഗമം സംഘടിപ്പിച്ചതെന്ന് വികാരി ഫാ. വർഗീസ് പാലാട്ടി പറഞ്ഞു.
പ്രാർഥനാ ശുശ്രുഷയ്ക്കു ശേഷം സഹോദരീ സംഗമത്തിന്റെ ഉദ്ഘാടനം വികാരി ഫാ. വർഗീസ് പാലാട്ടി നിർവഹിച്ചു. സിസ്റ്റർ ആനി, വൈസ് ചെയർമാൻ മാത്യൂസ് വടക്കുംചേരി, കൈക്കാരൻ ജോബി പുന്നശേരി, മുൻ കൈക്കാരൻ കുഞ്ഞാവര വടക്കുംചേരി, ആന്റണി പാലിമറ്റം, ഇടവകയിലെ പെങ്ങന്മാരെ പ്രധിനിധികരിച്ച് സിസ്റ്റർ റോസിലിൻ ജോൺ, ജാൻസി ജിയോ, ജോസ്മി അരുൺ എന്നിവർ പ്രസംഗിച്ചു.