‘റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യണം’
1540801
Tuesday, April 8, 2025 4:08 AM IST
മൂവാറ്റുപുഴ: പുതുപ്പാടി - ഇരുമലപ്പടി റോഡിലെ മുളവൂർ പൊന്നിരിക്കപ്പറന്പിൽനിന്നു മുളവൂർ ഹെൽത്ത് ജംഗ്ഷൻ വരെയുള്ള രണ്ടര കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യണമെന്ന് സിപിഐ മുളവൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
റോഡിന്റെ കോതമംഗലം നിയോജക മണ്ഡലത്തിന്റെ ഭാഗമായ നെല്ലിക്കുഴി പഞ്ചായത്തും കോതമംഗലം നഗരസഭയുൾപ്പെട്ടതുമായ ഭാഗം ബിഎംബിസി നിലവരാത്തിൽ നവീകരിച്ചു. എന്നാൽ മൂവാറ്റുപുഴ മണ്ഡലത്തിൽ ഉൾപ്പെട്ട ഭാഗം ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. സർക്കാർ വിഷയത്തിൽ ഇടപ്പെട്ട് റോഡ് ടാർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കീച്ചേരിപ്പടി, ആട്ടായം, കിഴക്കേക്കടവ്, മുളവൂർ പിഒ ജംഗ്ഷൻ വഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്നും ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പായിപ്ര പഞ്ചായത്തിനെ വിഭജിച്ച് മുളവൂർ പഞ്ചായത്ത് രൂപീകരിക്കണമെന്നും പായിപ്ര പഞ്ചായത്ത് പത്താം വാർഡിലെ മുരിങ്ങിനാം പാറയിൽ ആരോഗ്യ ഉപകേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു. കെ.എ അനുബ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി മുതിർന്ന അംഗം പി.കെ രാജപ്പൻ പതാക ഉയർത്തി. ഭാരവാഹികൾ: കെ.എ. അനൂപ് (ലോക്കൽ സെക്രട്ടറി), എം.ഇ. അനസ് (അസിസ്റ്റന്റ് സെക്രട്ടറി).