കൊച്ചി കപ്പൽ നിർമാണത്തിന്റെ ഹബ്ബാകും: കേന്ദ്രമന്ത്രി
1540834
Tuesday, April 8, 2025 4:45 AM IST
കൊച്ചി: രാജ്യത്തിന്റെ കപ്പല്‍ നിര്‍മാണ വ്യവസായത്തിന്റെ ഹബ്ബാകാൻ കൊച്ചിക്ക് സാധിക്കുമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. കൊച്ചിന് ഷിപ്പ്യാർഡ് (സിഎസ്എല്‍) ഇന്ത്യയുടെ അഭിമാനവും തദ്ദേശീയ കപ്പല്‍ നിര്‍മാണ മികവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കപ്പല്‍ നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നൂതന യന്ത്രങ്ങള്‍ അനാച്ഛാദനം ചെയ്യുന്നതിനായി കൊച്ചിന് കപ്പല്‍ശാല സന്ദര്‍ശിച്ച ശേഷം സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണത്തിലും ഹരിത സമുദ്ര യാത്രയിലും കുതിച്ചുചാട്ടത്തിന് ഉതകുന്നതാണ് ഇന്‍ഡസ്ട്രി 4.0-റെഡി സൗകര്യങ്ങളും ഗ്രീന്‍ ടഗ് ട്രാന്സിഷന് പദ്ധതിയും. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനത്തിന് കീഴില്‍, സമുദ്രമേഖലയിലെ നവീകരണം, സുസ്ഥിരത, ആഗോള മത്സരശേഷി എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു.
ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ടഗ്ഗുകളുടെ തദ്ദേശീയ വികസനം വെറുമൊരു സാങ്കേതിക പുരോഗതിമാത്രമല്ല, മറിച്ച് ആഗോള ഹരിത സമുദ്ര പ്രവര്‍ത്തങ്ങള്‍ നയിക്കാനുള്ള ഇന്ത്യയുടെ ശേഷിയുടെ പ്രതീകമാണ്. 2030 ഓടെ സമുദ്ര നിക്ഷേപങ്ങളില്‍ 1.5 ലക്ഷം കോടി രൂപ സമാഹരിക്കാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
സിഎസ്എലിന്റെ കപ്പല്‍ നിര്‍മാണ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്ന നൂതന ഇന്‍ഡസ്ട്രി 4.0-റെഡി സൗകര്യമായ പ്രോആര്ക്ക് സിഎന്‍സി പ്ലാസ്മ കം ഓക്സി ഫ്യുവല്‍ പ്ലേറ്റ് കട്ടിംഗ് മെഷീന് മന്ത്രി ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും എല്‍ഒടി-സജ്ജീകരിച്ച ഈ സംവിധാനം ഷിപ്പ് ബില്‍ഡിംഗ് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് പോളിസി (എസ്ബിഎഫ്എപി) 2.0 യുടെ ഭാഗമായി തത്സമയ നിരീക്ഷണം, അറ്റകുറ്റപ്പണി, ഉല്പാദന കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നിവയ്ക്ക് സഹായമാണ്.
ഗ്രീന്‍ ടഗ് ട്രാന്സിഷന് പ്രോഗ്രാം (ജിടിടിപി) പ്രകാരം വികസിപ്പിക്കുന്ന രണ്ട് ഗ്രീന്‍ ടഗ്ഗുകളുടെ സ്റ്റീല്‍ കട്ടിംഗ് ചടങ്ങിലും കേന്ദ്രമന്ത്രി പങ്കെടുത്തു. കൊച്ചി കപ്പൽശാല സിഎംഡി മധു എസ്. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏറ്റവും വലിയ ട്രെയിലര്‍ സക്ഷന്‍ ഹോപ്പര്‍ ഡ്രെഡ്ജർ
കൊച്ചി: ഇന്ത്യയിൽ നിർമിക്കുന്ന ട്രെയിലര്‍ സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജറിന്റെ (ടിഎസ്എച്ച്ഡി) നിർമാണം കൊച്ചി കപ്പൽ ശാലയിലാണ്. ഇതിന്റെ നിര്‍മാണ പുരോഗതി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അവലോകനം ചെയ്തു.
ഡ്രഡ്ജിംഗ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്കായി സിഎസ്എല്‍ ഐഎച്ച്സി ഹോളണ്ടുമായി സഹകരിച്ചാണ് ഡ്രെഡ്ജറിന്റെ നിര്‍മാണം. 12,000 ക്യുബിക് മീറ്റർ വലുപ്പമാണ് ഡ്രഡ്ജറിനുള്ളത്. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലായി ആകെ 16 കപ്പലുകള്‍ ആസൂത്രണം ചെയ്തിട്ടുള്ള ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ടഗ്ഗുകളുടെ നിര്‍മാണം ഏറ്റെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് സിഎസ്എല്‍.
ഐഎന്‍എസ് വിക്രാന്ത് ഉൾപ്പടെ മുതല്‍ 175-ലധികം കപ്പലുകള്‍ ഇതിനകം ഇവിടെ നിർമിച്ചു. 2,500-ലധികം കപ്പലുകളുടെ അറ്റകുറ്റപ്പണി പദ്ധതികളും നടപ്പാക്കി.