ജില്ല സമ്പൂര്‍ണ മാലിന്യമുക്തം
1540831
Tuesday, April 8, 2025 4:45 AM IST
കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ 98 ശതമാനവും പൂര്‍ത്തീകരിച്ചതോടെ എറണാകുളം സമ്പൂര്‍ണ മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിച്ചു. മന്ത്രി പി. രാജീവ് ഓണ്‍ലൈനായി പ്രഖ്യാപനം നടത്തിയത്.
എറണാകുളത്തെ മാലിന്യമുക്ത ജില്ലയാക്കുന്നതില്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. നഗരത്തിലെ ജൈവമാലിന്യം സംസ്കരിക്കാന്‍ ബ്രഹ്മപുരത്ത് ബിപിസിഎലുമായി സഹകരിച്ച് നിര്‍മിക്കുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ഉടന്‍ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സംഘടനകളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. ആമ്പല്ലൂരാണ് മികച്ച ഹരിത പഞ്ചായത്ത്. ഏലൂര്‍ മികച്ച ഹരിത നഗരസഭയും മുളന്തുരുത്തി മികച്ച ഹരിത ബ്ലോക്കുമായി തെരഞ്ഞെടുത്തു. പല്ലാരിമംഗലം ജിവിഎച്ച്എസ്എസ് സ്കൂളാണ് മികച്ച സര്‍ക്കാര്‍ ഹരിതവിദ്യാലയം. മികച്ച എയ്ഡഡ് ഹരിത വിദ്യാലയമായി കൂനമ്മാവ് സെന്റ് ജോസഫ് യുപിഎസിനെയും അണ് എയ്ഡഡ് ഹരിത വിദ്യാലയമായി മൂവാറ്റുപുഴ നിര്‍മല ഹൈസ്കൂളിനെയും തെരഞ്ഞെടുത്തു. പാണിയേലിപ്പോരാണ് മികച്ച ഹരിത വിനോദ കേന്ദ്രം. ഹില്‍ പാലസ് മ്യൂസിയം മികച്ച ഹരിത ടൂറിസ്റ്റ് കേന്ദ്രം. അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ മികച്ച ഹരിത കെഎസ്ആര്‍ടിസി ഡിപ്പോയായും തെരഞ്ഞെടുത്തു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചതിന് മണീട് പഞ്ചായത്തിന് പ്രത്യേക പരാമര്‍ശവും ഉണ്ടായി.
മാലിന്യ മുക്തം ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയലെ 1186 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 4854 സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 89 കലാലയങ്ങള്‍, 25,485 അയല്‍ക്കൂട്ടങ്ങള്‍ എന്നിവ ഹരിതപദവി നേടിയിട്ടുണ്ട്. 4046 ഹരിതകര്‍മ സേനാംഗങ്ങള്‍ ശുചിത്വസേനയായി പ്രവര്‍ത്തിക്കുന്നു.