പദ്ധതി നിർവഹണം, നികുതി പിരിവ്; പാലക്കുഴ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്
1540802
Tuesday, April 8, 2025 4:08 AM IST
കൂത്താട്ടുകുളം: പദ്ധതി നിർവഹണത്തിലും നികുതി പിരിവിലും ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനവും മാലിന്യമുക്ത കേരളം ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയതായി പാലക്കുഴ പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. കുടിശിക അടച്ച് പദ്ധതി നിർവഹിച്ചെന്ന കോണ്ഗ്രസ് ബിജെപി ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ല.
പാലക്കുഴയിൽ ലൈഫ് പദ്ധതി പണം വകമാറ്റിയെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. സ്ഥലത്തിന് രേഖകൾ കൃത്യമല്ലാത്ത കുടുംബത്തിനാണ് സിപിഎം വീടുവച്ച് നൽകിയത്. ഈ കുടുംബം ലൈഫ് പട്ടികയിൽ പോലുമില്ല.
പഞ്ചായത്ത് ആസ്തിയിലുള്ള റോഡുകൾ മാത്രമാണ് നവീകരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. പ്രകടനപത്രിക കലാവധി തീരും മുന്പ് നടപ്പാക്കും. 3.47 കോടിയുടെ ലൈഫ് പദ്ധതി അവസാനഘട്ടത്തിലാണ്. 17 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി നൽകും. പൊതുശ്മശാനം നിർമാണം തുടങ്ങി. നാല് പ്രാവശ്യം മികച്ച പഞ്ചായത്തിന് കിട്ടിയ പുരസ്കാരത്തുക 60 ലക്ഷം ശ്മശാനം നിർമാണത്തിന് വിനിയോഗിക്കും. സന്പൂർണ കുടിവെള്ള പദ്ധതി പൂർത്തിയായി. റോഡ് അറ്റകുറ്റപ്പണിക്ക് 4.75 കോടി രൂപ ചെലവഴിച്ചു.
അതിദരിദ്രരില്ലാത്ത പഞ്ചായത്ത്, സന്പൂർണ ഡിജിറ്റൽ സാക്ഷരത, സന്പൂർണ ഒഡിഎഫ് പഞ്ചായത്ത്, നാല് വർഷവും തുടർച്ചയായി ഐഎസ്ഒ ബഹുമതി എന്നീ നേട്ടങ്ങളും പഞ്ചായത്ത് കൈവരിച്ചു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.എ. ജയ, വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, സ്ഥിരംസമിതി അധ്യക്ഷൻ എൻ.കെ. ഗോപി, സെക്രട്ടറി ജി. അനിൽകുമാർ, റെജി വി. ജോസഫ് എന്നിവർ പങ്കെടുത്തു.