ചേന്ദമംഗലത്ത് വിഷു മാറ്റച്ചന്ത ഇന്ന് തുടങ്ങും
1540817
Tuesday, April 8, 2025 4:23 AM IST
പറവൂർ: ഗതകാല പൈതൃക സ്മരണകളുയർത്തി ‘മുസിരിസ് ഫെസ്റ്റ് വിഷു മാറ്റച്ചന്ത 2025’ ചേന്ദമംഗലം പാലിയം ഗവ. ഹയർസെക്കൻൻഡറി സ്കൂൾ മൈതാനിയിലെ മാറ്റപ്പാടത്ത് ഇന്ന് ആരംഭിക്കും. വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര. അഞ്ചിന് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ മാറ്റച്ചന്ത ഉദ്ഘാടനം ചെയ്യും. തുടർന്ന് കൈകൊട്ടിക്കളി, തിരുവാതിര. ആറ് നാൾ നീളുന്ന പൈതൃകോത്സവത്തിൽ 213 സ്റ്റാളുകൾ ഉണ്ടാകും. ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വർഷങ്ങളായി മാറ്റച്ചന്ത നടന്നുവരുന്നത്.
മൺകലം, ചട്ടികൾ, കുട്ട, മുറം, ചവിട്ടികൾ, ചേന്ദമംഗലം കൈത്തറി, കുടുംബശ്രീ ഉത്ന്നങ്ങൾ, കാർഷിക വിളകൾ എന്നിവ മാറ്റപ്പാടത്തുണ്ടാകും. സാംസ്കാരിക സമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറും. നാളെ വൈകിട്ട് ആറിന് വനിതാസംഗമം സബ് കളക്ടർ കെ. മീര ഉദ്ഘാടനം ചെയ്യും. തുടർന്ന് കുടുംബശ്രീ കലാവിരുന്ന്. 10ന് രാത്രി ഏഴിനു ജയചന്ദ്രസ്വനം നമുക്കു പാടാം. 11ന് വൈകിട്ട് ആറിന് കളരിപ്പയറ്റ് പ്രദർശനം, ഏഴിന് ചാക്യാർക്കൂത്ത്, എട്ടിന് തോൽപ്പാവക്കൂത്ത്.
12ന് രാത്രി ഏഴിന് മ്യൂസിക്കൽ ഇവന്റ്. സമാപന ദിനമായ 13ന് വൈകിട്ട് ആറിന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഏഴിന് മോഹിനിയാട്ടം.