ലഹരിക്കെതിരെ ‘മാജിക്’ ബോധവത്കരണം
1540808
Tuesday, April 8, 2025 4:08 AM IST
മൂവാറ്റുപുഴ: ലഹരിക്കെതിരെ സമൂഹം കൈകോർക്കുന്പോൾ മാജിക്കിലൂടെ മുന്നറിയിപ്പിന്റെ കാഹളം മുഴക്കുകയാണ് സീറോമലബാർ സഭ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം. ഇതിനോടകം 4500ഓളം വേദികളിൽ ലഹരിക്കെതിരെ ബോധവത്കരണ സന്ദേശവുമായി ഇദ്ദേഹം എത്തിക്കഴിഞ്ഞു. കേരളത്തിനു പുറമെ വിദേശത്തും ലഹരിയുടെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി ജനഹൃദയങ്ങളെ തൊട്ടുണർത്തിയിട്ടുണ്ട് ഇദ്ദേഹം.
വിദ്യാർഥികൾ, യുവജനങ്ങൾ, നഴ്സുമാർ, അധ്യാപകർ, മാതാപിതാക്കൾ, ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബസംഗമങ്ങൾ, ജൂബിലി ആഘോഷവേളകൾ, തിരുനാളുകൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർക്കായി ബോധവത്കരണം നടത്തുന്പോൾ നിരവധി ജീവിതങ്ങളെയാണ് ലഹരിയുടെ അടിമത്വത്തിൽനിന്നു പ്രത്യാശയുടെ തീരത്തേക്ക് അടുപ്പിക്കുന്നത്.
എക്സൈസ്, ആരോഗ്യവിഭാഗം, നാഷണൽ സർവീസ് സ്കീം തുടങ്ങി നിരവധി വകുപ്പുകളും വിവിധ സംഘടനകളും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയും നൽകിവരുന്നുണ്ട്. മൂവാറ്റുപുഴ നിർമല കോളജിലെ അനധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം തന്റെ ബൈക്കിൽ ലഹരിവിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകൾ സ്ഥാപിച്ച് കിലോമീറ്ററുകളോളം സഞ്ചരിച്ച് ടൗണുകളിലും ഗ്രാമങ്ങളിലുമെത്തി ലഹരിവിരുദ്ധ സന്ദേശം കൈമാറിയിരുന്നു.
ജയിൽ മിനിസ്ട്രിയുമായി സഹകരിച്ച് തൃശൂർ, കാക്കനാട്, മൂവാറ്റുപുഴ തുടങ്ങിയ ജയിലുകളിലും മാജിക് ഷോ അവതരിപ്പിച്ചിട്ടുണ്ട്. വനിത കമ്മീഷൻ, കുടുംബശ്രീ, ലഹരിവിമോചന കേന്ദ്രങ്ങൾ, ആരോഗ്യവിഭാഗം, പഞ്ചായത്തുകൾ എന്നിവയുമായെല്ലാം സഹകരിച്ച് നിരവധി പ്രോഗ്രാമുകൾ നടത്താനായി. ലഹരിക്കെതിരെ മാജിക്കെന്ന വിസ്മയ കലാരൂപത്തെ മനോഹരവും വൈവിധ്യപൂർണവും ഹൃദയസ്പർശിയുമായി അവതരിപ്പിക്കുകയാണ് ജോയ്സ് മുക്കുടം ചെയ്യുന്നത്.
കോതമംഗലം രൂപത അവാർഡ്, കുവൈറ്റ് സീറോമലബാർ കൾച്ചറൽ അസോസിയേഷൻ അവാർഡ്, ബഹറിൻ സീറോമലബാർ സൊസൈറ്റി അവാർഡ്, ബഹറിൻ കേരളീയ സമാജം സാംസ്കാരിക സംഘടന അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.