ഇഴയുന്ന റോഡ് വികസനം, കുഴയുന്ന നാട്ടുകാർ
1540809
Tuesday, April 8, 2025 4:08 AM IST
മൂവാറ്റുപുഴ: നഗര റോഡ് വികസനം ഇഴഞ്ഞ് നീങ്ങുന്പോൾ ദുരിതത്തിലായിരിക്കുകയാണ് മൂവാറ്റുപുഴയിലെത്തുന്ന യാത്രക്കാരും വ്യാപാരികളും. നഗരത്തിൽ കച്ചേരിത്താഴം മുതൽ പിഒ ജംഗ്ഷൻ വരെയുള്ള എംസി റോഡിലെ ഭാഗം തകർന്നും ചെളിനിറഞ്ഞും ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. നഗരവികസനത്തിന്റെ ഭാഗമായി നഗരത്തിൽ പലയിടങ്ങളിലും കാന നിർമാണവും മറ്റും നടക്കുന്നതിനാൽ റോഡ് മുഴുവൻ തകർന്നിരിക്കുകയാണ്.
എന്നാൽ ഇതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതോടെ നഗരത്തിലെ റോഡുകളിലാകെ ചെളി നിറഞ്ഞു. ടിബി ജംഗ്ഷൻ മുതൽ അരമനപ്പടി വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ ചെളിനിറഞ്ഞ് ഗതാഗതം ദുഷ്കരമായിരിക്കുന്നത്. ടി.ബി ജംഗ്ഷനിൽനിന്നു അരമനപ്പടിയിലേക്കുണ്ടായിരുന്ന വഴി അടച്ചതും ഗതാഗത സ്തംഭനത്തിന് കാരണമായിട്ടുണ്ട്.
ക്രിസ്തീയ മത വിശ്വാസികളുടെ വലിയവാരം അടുത്തതോടെ മലയാറ്റൂർ തീർഥാടകർ ഏറെ എത്തുന്നതും കൂടാതെ ഏറെ തിരക്കുള്ള എംസി റോഡായതിനാലും ഇവിടെ ഗതാഗത സ്തംഭനം രൂക്ഷമാണ്. ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ രാവിലെ മുതൽ ഗതാഗത സ്തംഭനം രൂക്ഷമായതോടെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് നാട്ടുകാരും വാഹന യാത്രികരും.
നഗര വികസനത്തിന്റെ ഭാഗമായി നേരത്തെ റോഡ് നിർമാണം ആരംഭിച്ചിരുന്നെങ്കിലും ടി.ബി ജംഗ്ഷനിലെ വണ്വേ സംവിധാനം നിലച്ചതോടെ നഗരത്തിലൂടെയുള്ള യാത്ര കൂടുതൽ സങ്കീർണമായിരിക്കുകയാണ്. നഗരവികസനത്തോടനുബന്ധിച്ചു കാന നിർമാണത്തിനായി ടി.ബി ജംഗ്ഷനിലൂടെ വരുന്ന ബൈപ്പാസ് റോഡ് മുറിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ടിബി ജംഗ്ഷൻ റോഡ് അടയ്ക്കുന്നത് നിർമാണത്തിന്റെ അവസാന ഭാഗത്തേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നെങ്കിലും അധികാരികൾ മാനിക്കാതെ റോഡ് മുറിച്ച് ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ടായി. പൂർണ പരിഹാരമായില്ലെങ്കിലും എത്രയും വേഗം ചെളി നീക്കുന്നതിനും ഗതാഗതം നേരിയ രീതിയിലെങ്കിലും സുഗമമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കച്ചവടം നഷ്ടപ്പെട്ട് വ്യാപാരി സമൂഹം
മൂവാറ്റുപുഴ: നഗരവികസന പ്രവർത്തനം ഇഴഞ്ഞുനീങ്ങുന്നതോടെ വീണ്ടും ഒരു സീസണ് കച്ചവടം നഷ്ടപ്പെട്ട ദുഖത്തിലാണ് മൂവാറ്റുപുഴയിലെ വ്യാപാരി സമൂഹം. മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതം കൂടുതൽ ദുഷ്കരവും സങ്കീർണവുമായതോടെ സാധനങ്ങൾ വാങ്ങുന്നതിനായി നഗരത്തിലേക്കുള്ള ജനങ്ങളുടെ യാത്ര കുറഞ്ഞതും കാരണമാകുന്നുണ്ട്. എംസി റോഡിൽ ചെളി നിറഞ്ഞതും രാവിലെ മുതൽ ആരംഭിക്കുന്ന ഗതാഗതകുരുക്കും കച്ചവടത്തിന് തിരിച്ചടിയായതായും വ്യാപാരികൾ പറയുന്നു.
നിലവിൽ ടിബി റോഡും പൊളിച്ചതോടെ നഗരത്തിലൂടെയുള്ള ഗതാഗതം വീണ്ടും സ്തംഭിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ വസ്ത്രങ്ങൾ വിൽപ്പന നടത്തിയിരുന്ന പെരുന്നാളിന് ഇക്കുറി കച്ചവടത്തിന് വലിയ മാന്ദ്യമാണ് സംഭവിച്ചത്. വരുന്ന വിഷു, ഈസ്റ്റർ കച്ചവടങ്ങളും നഷ്ടമാകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് വ്യാപാരികൾ പറയുന്നു.
സീസണ് കച്ചവടമെങ്കിലും നഷ്ടമാകാതെ അടിയന്തരമായി നഗരത്തിലെ ഗതാഗത സ്തംഭനത്തിനു നേരിയ പരിഹാരമെങ്കിലും ഉണ്ടാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.