പിറവം പള്ളിയിൽ പോപ്പുലർ മിഷൻ ധ്യാനം തുടങ്ങി
1540804
Tuesday, April 8, 2025 4:08 AM IST
പിറവം: ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു. പള്ളി ഗ്രൗണ്ടിൽ നടക്കുന്ന ധ്യാനത്തിന്റെ ഉദ്ഘാടനം വിൻസെഷ്യൻ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു കക്കാട്ടുപള്ളിയിൽ നിർവഹിച്ചു. വികാരി ഫാ. തോമസ് പ്രാലേൽ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. അജിൽ തടത്തിൽ, ജനറൽ കൺവീനർ അലക്സ് ആകശാലയിൽ, കൺവീനർമാരായ ബേബി പാക്കാട്ടിൽ, സിറിൾ പടിക്കപ്പറമ്പിൽ, സിറിൾ ചെമ്മനാട്ട് എന്നിവർ പങ്കെടുത്തു.
ദിവസവും രാവിലെ ആറു മുതൽ 7.30 വരെയും വൈകുന്നേരം ആറു മുതൽ 9.30 വരെയാണ് ധ്യാനം. 11 നാണ് സമാപിക്കുന്നത്. മൂന്നു സെന്ററുകളായി തിരിച്ചാണ് ധ്യാനം നടക്കുന്നത്.
പള്ളി ഇടവകയിലെ ഒമ്പതു വാർഡുകളും ഓണക്കൂർ പള്ളിയിൽ അഞ്ചു വാർഡുകളിലെ കുടുംബങ്ങളും സെന്റ് മേരീസ് ബേത്തിലഹേം പള്ളിയിൽ നാലു വാർഡുകളിലെ കുടുംബങ്ങങ്ങളുമാണ് പങ്കെടുക്കുന്നത്. ധ്യാന ദിവസങ്ങളിൽ കുർബാന, ധ്യാനം, മരണാനന്തര ശുശ്രൂഷ, മാമോദിസ, രോഗശാന്തി ശുശ്രൂഷ, പരിഹാര പ്രതിഷ്ഠ എന്നിവയും നടക്കും. 11ന് കുർബാന, ധ്യാനം, സ്നേഹവിരുന്ന്, പരിഹാരപ്രദക്ഷിണം എന്നിവ നടക്കും. തുടർന്ന് ധ്യാന സമാപനത്തിൽ കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം സന്ദേശം നൽകും.