തട്ടുപാറ കുരിശുമുടിയിൽ നാല്പതാം വെള്ളി ആചരണവും പുതുഞായർ തിരുനാളും
1540821
Tuesday, April 8, 2025 4:39 AM IST
കാലടി: മേരിഗിരി തട്ടുപാറ കുരിശുമുടിയിൽ മഞ്ഞപ്ര ഫൊറോന തലത്തിലുള്ള നാൽപ്പതാം വെള്ളിയാചരണം 11ന് വൈകിട്ട് 5.30 ന് നടക്കും. 26,27 തീയതികളിൽ പുതുഞായർ തിരുനാൾ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് നേർച്ചസദ്യ ഉണ്ടാകും. മുൻകൂട്ടി അറിയിച്ചുവരുന്ന ഭക്തജനങ്ങൾക്ക് കുമ്പസാരത്തിനും വിശുദ്ധ കുർബാനയ്ക്കുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാലാമത് തട്ടുപാറ ബൈബിൾ കൺവൻഷൻ 23,24,25 തീയതികളിൽ നടക്കും.
നോമ്പുകാല തീർഥാടനത്തോടനുബന്ധിച്ച് വികാരി ഫാ. ബാബു കളത്തിലിന്റെ നേതൃത്വത്തിൽ വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും നൂറുകണക്കിനു വിശ്വാസികൾ കുരിശിന്റെ വഴിചൊല്ലി മലകയറുന്നുണ്ട്.
മാർ തോമാശ്ലീഹാ മലയാറ്റൂർ വഴി പാണ്ഡ്യരാജ്യത്തേക്ക് പോകാൻ ഉപയോഗിച്ചുവെന്നു കരുതപ്പെട്ടുന്ന പഴയ ഒട്ടകപ്പാതയിൽ 1925 ൽ സ്ഥാപിതമായ തട്ടുപാറ പള്ളി ശതാബ്ദി നിറവിലാണ്. തട്ടുപാറ പള്ളിയോടു ചേർന്നുകിടക്കുന്ന പുരാതന ഗുഹയിലാണ് തോമാശ്ലീഹാ താമസിച്ചതെന്നാണു പൗരാണിക വിശ്വാസം. ഗുഹാമുഖത്തു തിരി കത്തിച്ചു നാണയങ്ങൾ വിതറുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നുവെന്നു പഴമക്കാർ പറയുന്നു.