കിഴക്കേപ്പള്ളി-വാപ്പാലശേരി റോഡ് നിര്‍മാണോദ്ഘാടനം
1540819
Tuesday, April 8, 2025 4:23 AM IST
അങ്കമാലി: ദീര്‍ഘനാളുകളായി വളരെ ശോചനീയാവസ്ഥയില്‍ കിടക്കുന്ന അങ്കമാലി മുനിസിപ്പല്‍ പ്രദേശത്തെ കിഴക്കേപ്പളളി-വാപ്പാലശേരി റോഡിന്റെ നിര്‍മാണോദ്ഘാടനം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ മുന്‍കൈയെടുത്ത് ബജറ്റില്‍ കിഴക്കേപ്പള്ളി-വാപ്പാലശ്ശേരി റോഡിനും, കല്ലുപാലം റോഡിനും, പറക്കുളം റോഡിനുമായി 3.5 കോടി രൂപ അനുവദിക്കുകയായിരുന്നു. ഇതാണ് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് ഇപ്പോള്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
അങ്കമാലിയില്‍ നിന്നും നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിലേക്ക് ഉള്‍പ്പെടെ പോകുന്ന പ്രധാനപ്പെട്ട റോഡായ കിഴക്കേപ്പള്ളി -വാപ്പാലശേരി റോഡും മുനിസിപ്പാലിറ്റിയിലെ 5,6 വാര്‍ഡുകള്‍ ഉള്‍പ്പെട്ട കല്ലുപാലം റോഡും, ബിഎം ബിസി നിലവാരത്തിലായിരിക്കും നിര്‍മിക്കുക.
മുനിസിപ്പല്‍ ചെയര്മാന് ഷിയോ പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ ബാസ്റ്റിന് ഡി. പാറയ്ക്കല്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിനി മനോജ്, മുന്‍ നഗരസഭാ ചെയര്മാന് മാത്യു തോമസ്, ലക്സി ജോയ്, ജിത ഷിജോയ്, റീത്താ പോൾ തുടങ്ങിയവർ പങ്കെടുത്തു.