ഭൂതത്താൻകെട്ട് ടൂറിസം വികസനം അഴിമതിക്കു വേണ്ടി: കേരള കോൺ.
1540833
Tuesday, April 8, 2025 4:45 AM IST
കോതമംഗലം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഭൂതത്താൻകെട്ട് ഡാമിനോടനുബന്ധിച്ചുള്ള ടൂറിസം വികസന പദ്ധതികളുടെ മറവിൽ, അഴിമതിക്കു കളമൊരുങ്ങുന്നതായി ആക്ഷേപം. ടൂറിസം വികസനത്തിന്റെ പേരിൽ എംഎൽഎയും ഇടതു സർക്കാരും വൻ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഭൂതത്താൻകെട്ടിലെയും കുട്ടമ്പുഴ -നേര്യമംഗലം മേഖലകളിലെയും ടൂറിസം വികസനപദ്ധതികൾക്കു കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 25.412 കോടി രൂപയ്ക്കാണു ടെൻഡർ നൽകിയിരിക്കുന്നത്. കുട്ടികൾക്കുള്ള പാർക്ക് വിപുലീകരണം, ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയ ചെറിയ നിർമാണ പ്രവർത്തനങ്ങൾ മാത്രം രണ്ടുവർഷംകൊണ്ട് പൂർത്തീകരിക്കുന്നതിനാണ് കരാർ.
തുടർന്നുവരുന്ന 30 വർഷം ഈ പ്രദേശത്ത് സന്ദർശകർക്ക് പ്രവേശനത്തിന് എത്ര ഫീസ് വേണമെന്ന് തീരുമാനിച്ച് പിരിച്ചെടുക്കാനുള്ള അവകാശം കമ്പനിക്ക് നൽകിയിരിക്കുകയാണ്. അതിൽ അഞ്ച് ശതമാനം മാത്രമാണ് സർക്കാരിന് ലഭിക്കുക. ജില്ലയിൽ ടൂറിസം മേഖലയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കുന്നതും നൂറുകണക്കിനു സഞ്ചാരികളുമെത്തുന്ന ഭൂതത്താൻകെട്ട് മേഖലയെ ടൂറിസം വികസനത്തിന്റെ മറവിൽ സ്വകാര്യ കമ്പനിക്ക് തീറെഴുതി നൽകാനാണു സർക്കാർ ശ്രമമെന്നും ഷിബു തെക്കുംപുറം ചൂണ്ടിക്കാട്ടി. 2025 ഏപ്രിൽ വരെ ബോട്ടിംഗിനു പണമടച്ചിട്ടുള്ളവരെ കഴിഞ്ഞ അഞ്ചുമാസമായി വിലക്കിയിരിക്കുകയാണ്.
കവളങ്ങാട് സഹകരണ ബാങ്കിന്റെ ആയുർവേദ റിസോർട്ട് കരാറെടുത്തിട്ടുള്ളതും കോഴിക്കോട് ഉള്ള കമ്പനിയാണ്. ഈ കെട്ടിടം നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ ഇടിഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഭൂതത്താൻകെട്ടിൽ സിപിഎം നടത്തിയ സമരം പ്രഹസനമാണ്. സിപിഎം സമരം നടത്തേണ്ടിയിരുന്നത് പിണറായിയുടെയും എംഎൽഎയുടെയും വീട്ടുപടിക്കലാണ് .
ഭൂതത്താൻകെട്ട് ടൂറിസം മേഖലയിൽ സർക്കാർ നടത്തിയ ഈ അഴിമതി കരാർ ഉടൻ റദ്ദാക്കണം.
ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കണം. അല്ലാത്തപക്ഷം വൻ ജനകീയ പ്രക്ഷോഭത്തിന് കേരള കോൺഗ്രസും യുഡിഎഫും നേതൃത്വം നൽകുമെന്നും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് , സംസ്ഥാന സെക്രട്ടറിമാരായ ജോമി തെക്കേക്കര, സി.കെ. സത്യൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കരാറെടുത്തതു ബിനാമി കന്പനിയെന്ന് ആക്ഷേപം
ഭൂതത്താൻകെട്ടിലെ ടൂറിസം വികസന പദ്ധതികൾക്കു കരാറെടുത്തിരിക്കുന്ന സ്ഥാപനം കോഴിക്കോടുള്ള ബിനാമി കമ്പനിയാണെന്ന് സൂചനയുണ്ട്. ടൂറിസം നിർമാണ മേഖലയിൽ ഒരു മുൻ പരിചയവും കമ്പനിക്കില്ലെന്നു ഷിബു തെക്കുംപുറം ചൂണ്ടിക്കാട്ടി.
ഒരു വർഷം മുന്പു മാത്രം തുടങ്ങിയ കമ്പനി ഒരുകോടി രൂപ മാത്രമാണു രേഖകളിൽ മൂലധനമായി കാണിച്ചിരിക്കുന്നത്. ഈ ഇടപാടിൽ ദൂരൂഹതയുണ്ട്. ഒരു കടലാസ് കമ്പനി രൂപീകരിച്ച് കരാറിൽ ഏർപ്പെട്ടത് അഴിമതി നടത്താനാണെന്നു ണ്ടിയുള്ളതാണെന്ന് വ്യക്തമാണ്.
ഭൂതത്താൻകെട്ടിലും അനുബന്ധപ്രദേശങ്ങളായ നേര്യമംഗലം, കുട്ടമ്പുഴ എന്നീ പ്രദേശങ്ങളിലും ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന പരിചയസമ്പന്നരായ ആളുകളെ ടെണ്ടറുകളിൽ നിന്ന് ഒഴിവാക്കി അഴിമതി മാത്രം ലക്ഷ്യമാക്കിയാണ് എംഎൽഎയും സർക്കാരും മുന്നോട്ടുപോകുന്നത്.