കൊച്ചി കോര്പറേഷന് ബജറ്റ്: തൊഴിലാളി ക്ഷേമത്തിന് ഊന്നല്‍
1536337
Tuesday, March 25, 2025 7:25 AM IST
കൊച്ചി: കൊച്ചിയെ അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യന്‍ നഗരമാകുമെന്ന പ്രഖ്യാപനത്തോടെ തൊഴിലാളി ക്ഷേമത്തിന് ഊന്നല്‍ നല്കി കൊച്ചി കോര്‍പറേഷന്റെ നിലവിലുള്ള ഭരണസമിതിയുടെ അവസാന ബജറ്റ് ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അവതരിപ്പിച്ചു.
എടുത്തു പറയത്തക്ക വലിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലെങ്കിലും പൊതുജനാരോഗ്യവും നഗര വികസനം ഉള്‍പ്പെടെ പതിവ് മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 1206 കോടി വരവും 943 കോടി ചെലവും 262 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേല് നാളെ നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം വ്യാഴാഴ്ച ബജറ്റിന് അംഗീകാരം നല്‍കും.
ലേബര്‍ ചൗക്ക്
ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് ആത്മാഭിമാനം നല്‍കും വിധം ഉചിതമായ തൊഴിലിടങ്ങള്‍ കണ്ടെത്തുന്നതിനായി ലേബര്‍ ചൗക്ക് എന്ന പുതിയ ആശയം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തൊഴില്‍ വകുപ്പുമായി സഹകരിച്ച് നഗരത്തില്‍ അപ്രഖ്യാപിത ലേബര്‍ സപ്ലൈ ഇടങ്ങളിലാകും പദ്ധതി നടപ്പാക്കുക. തൊഴിലാളികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യങ്ങള്‍ ഇവിടെയൊരുക്കും. തൊഴില്‍ നൈപുണ്യത്തിനനുസരിച്ച് തൊഴിലിടങ്ങള്‍ ഇവര്‍ക്ക് കണ്ടെത്തി നല്‍കും. വേതനം ഉള്‍പ്പെടെ തൊഴില്‍ പരമായ തര്‍ക്കങ്ങള്‍ ഇല്ലാതാക്കാന്‍ പദ്ധതിവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. 25 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിക്കും.
ഓട്ടോ, ടാക്സി, ബസ് ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍, അസംഘടിത തൊഴിലാളികള്‍ എന്നിവര്‍ക്ക് ചികിൽസാസഹായം, മാലിന്യശേഖരണ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോതൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ക്ക് എന്നിവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
അതിദരിദ്രർക്കായി ഫ്ലാറ്റ് സമുച്ചയം
വാടകവീടുകളില്‍ കഴിയുന്ന അതിദരിദ്രരെ പുനരധിവസിപ്പിക്കാന്‍ വൈറ്റിലയില്‍ ഫ്ലാറ്റ് സമുച്ചയം, പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് പട്ടയം, നഗരജനസംഖ്യയെ മുഴുവന്‍ ഉള്‍പ്പെടുത്തി അപകടമരണ ഇന്‍ഷ്വറന്‍സ് പദ്ധതി. ഭിന്നശേഷിക്കാര്‍ക്കായി ഡിസബിലിറ്റ് മാനേജ്മെന്റ് ക്ലിനിക്, കൂടുതല്‍ സ്ഥലങ്ങളില്‍ ഷീ ലോഡ്ജ്, ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി, കടവന്ത്ര എന്നിവിടങ്ങളില്‍ സമൃദ്ധി കൊച്ചിയുടെ ശാഖകള്‍, ഹൈസ്പീഡ് ഇന്റര്‍നെറ്റോടെ കോ വര്‍ക്കിംഗ് സ്പേസ്.കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ജ്ഞാനശ്രീ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
ലഹരിക്ക് എതിരായ പോരാട്ടത്തിന് 50 ലക്ഷം
കൊച്ചി: മയക്കുമരുന്ന് വിപത്തിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 50 ലക്ഷം രൂപ. വീടുകളും വിദ്യാലയങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികളും ഒബ്സര്‍വേഷന്‍ സെന്ററുകളും ഡിവിഷനുകള്‍ തോറും കൗണ്‍സിലിംഗ് സെന്ററുകളുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ കാമ്പയിനുകളും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
സാധാരണക്കാരെ ചേര്‍ത്തു നിര്‍ത്തുന്ന ബജറ്റ്: മേയര്‍
കൊച്ചി: ചുമട്ടുതൊഴിലാളികള്‍, ഹരിത കര്‍മസേനക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി സാധാരണക്കാരുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് മേയര്‍ എം. അനില്‍കുമാര്‍. നഗരവികസനത്തിന് പുതിയ ദിശാബോധം നല്കുന്ന ബജറ്റാണിത്. കെട്ടിട നികുതിയുള്‍പ്പെടെ കുടിശിക പിരിച്ചെടുത്ത് തനത് വരുമാനം വര്‍ധിപ്പിക്കും. കരാറുകാരുടെ കുടിശിക 12 മാസമായി കുറയ്ക്കുകയാണ് ലക്ഷ്യം. എല്ലാ മേഖലകളിലും ആഴത്തില്‍ സ്പര്‍ശിക്കുന്ന പദ്ധതികളാണ് ബജറ്റിലുള്ളതെന്നും മേയര്‍ പറഞ്ഞു.
ജീവിതച്ചെലവ് ഇരട്ടിയാക്കും: യുഡിഎഫ്
കൊച്ചി: സാധാരണക്കാര്ക്കുവേണ്ടിയെന്ന് അവകാശപ്പെടുമ്പോഴും ജീവിതച്ചെലവ് ഇരട്ടിയാക്കുന്ന ബജറ്റാണിതെന്ന് യുഡിഎഫ്. യൂസര്‍ ഫീസ് ഇനത്തിലും സേവന ചെലവിലുമെല്ലാം വന്‍ വര്‍ധനയുണ്ടാകും. തനത് വരുമാനം കൂട്ടാന്‍ പദ്ധതികളില്ല.
പൈതൃക കേന്ദ്രങ്ങളായ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയെ അവഗണിച്ചു. വെള്ളക്കെട്ട്, കൊതുക് നിവാരണം എന്നിവയ്ക്ക് ശാശ്വത പരിഹാരം ബജറ്റിലില്ല. ബജറ്റ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടില്‍, കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍ എന്നിവര്‍ പറഞ്ഞു.
യാഥാര്‍ഥ്യവുമായി പൊരുത്തമില്ല: ബിജെപി
കൊച്ചി: യാഥാര്‍ഥ്യങ്ങളുമായി പൊരുത്തമില്ലാത്തതും പുതിയ പദ്ധതികളൊന്നുമില്ലാത്തതുമാണ് കൊച്ചി കോര്‍പറേഷന്റെ പുതിയ ബജറ്റെന്ന് ബിജെപി. വരവ്-ചെലവു കണക്കുകളില്‍ പൊരുത്തമില്ല. കോടികളുടെ നികുതി കുടിശിക പിരിച്ചെടുക്കാനുള്ള നടപടിയെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. നഗരത്തിന്റെ വികസനക്കുതിപ്പിന് അടിത്തറ പാകാന്‍ കഴിയുന്ന ഒരു പദ്ധതി പോലും ബജറ്റിലില്ല.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കാട്ടി മേനി നടിക്കുകയാണ് മേയറും ഭരണപക്ഷവും. നഗരത്തിന്റെ വികസനത്തിന് ഒപ്പം നിന്നവര്‍ക്ക് മേയര്‍ പേരെടുത്ത് നന്ദി പറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ അനുമോദിച്ച് ഒരു വാക്ക് പോലും പറയാതിരുന്നത് നീതികേടാണെന്നും ബിജെപി കൗണ്‍സിലര്‍മാരായ സുധ ദിലീപ് കുമാര്‍, പ്രിയ പ്രശാന്ത് എന്നിവര്‍ പറഞ്ഞു.