കൊച്ചി കോര്പറേഷൻ : സിഎസ്ആര്‍ ഫണ്ട് വിഷയത്തില്‍ വാക്കൗട്ട് നടത്തി പ്രതിപക്ഷം
1537242
Friday, March 28, 2025 3:40 AM IST
കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അംഗീകരിക്കുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കോര്പറേഷന് ലഭിച്ച സിഎസ്ആര്‍ ഫണ്ടുകളുടെ കണക്ക് വിവരങ്ങള്‍ ബജറ്റ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന വിഷയം ഉയര്‍ത്തിയാണ് ഇന്നലത്തെ സെക്ഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി നടത്തളത്തില്‍ ഇറങ്ങിയത്.
മേയര്‍ മറുപടിക്കായി ഒരുങ്ങിയപ്പോള്‍ ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ തന്നെ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ചതോടെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്കരിച്ച് പുറത്തുപോകുകയായിരുന്നു.
2324-25 സാമ്പത്തിക വര്‍ഷത്തില്‍ 11 കോടി കിട്ടിയ സ്ഥാനത്ത് ഈ വര്‍ഷം സിഎസ്ആര്‍ ഫണ്ട് കോളത്തില്‍ പൂജ്യം കണ്ടതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്.
സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നഗരത്തില്‍ നടപ്പാക്കിയിരുന്നു. ഇതിന്റെ കണക്കുകള്‍ എവിടെയാണെന്ന് ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് യോഗനടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്. തുടര്‍ന്ന് കോര്‍പറേഷന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് അംഗീകരം നല്കി മേയറും ചെയര്‍ വിട്ടു.
വിശദീകരണം ഉണ്ട്, കേള്‍ക്കാന്‍ പ്രതിപക്ഷം തയാറാകണം: മേയര്‍
കൊച്ചി: പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെന്നും അത് വിശദീകരിക്കാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തുന്നതാണ് കൗണ്‍സില്‍ ഹാളില്‍ കണ്ടതെന്നും മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിന് ഗുണകരമായ പല പദ്ധതികളും പ്രതിപക്ഷം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
സിഎസ്ആര്‍ ഫണ്ടുകള്‍ നഗരസഭയുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നതും കോര്‍പറേഷന്റെ അനുമതിയോടെ വിവിധ പദ്ധതികളില്‍ നേരിട്ട് ചെലവഴിക്കുന്ന രീതികളും ഉണ്ട്. ചിലത് കോര്‍പറേഷന്റെ അംഗീകൃത ഇംപ്ലിമെന്റിംഗ് ഏജന്‍സികള്‍ വഴി വിനിയോഗിക്കാറുമുണ്ട്.
സ്ഥാപനങ്ങള്‍ നേരിട്ട് പണം മുടക്കി ചെയ്യുന്ന പദ്ധതികളുടെ കണക്ക് വിവരങ്ങള്‍ എങ്ങനെയാണ് ബജറ്റ് കണക്കില്‍ ഉള്‍പ്പെടുത്തുകയെന്നും മേയര്‍ പറഞ്ഞു.