ആലുവ സെമിനാരിപ്പടിയിൽ പുഷ് ത്രൂ കലുങ്ക് നിർമാണം അവസാന ഘട്ടത്തിൽ
1536838
Thursday, March 27, 2025 5:00 AM IST
ആലുവ: പതിറ്റാണ്ടുകളായുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ആലുവ സെമിനാരിപ്പടിയിൽ ദേശീയ പാതയ്ക്ക് കുറുകെ പുഷ്ത്രു കലുങ്ക് നിർമാണം അവസാനഘട്ടത്തിൽ.
കേന്ദ്ര, സംസ്ഥാന വകുപ്പുകൾ മുഖം തിരിച്ചതോടെ പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചാണ് 6.47 കോടി രൂപയുടെ പദ്ധതി നേടിയെടുത്തത്.
തോട്ടക്കാട്ടുകര സെമിനാരിപ്പടിയിൽ നൂറോളം കുടുംബങ്ങൾ പതിറ്റാണ്ടുകളായി വർഷകാലത്ത് വെള്ളക്കെട്ട് ദുരിതം അനുഭവിക്കുകയാണ്. ആലുവ നഗരസഭ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന സെമിനാരിപ്പടിയിൽ ദേശീയപാത വീതി കൂട്ടിയപ്പോൾ കുറുകെയുണ്ടായിരുന്ന കലുങ്ക്, മൂന്ന് കുളങ്ങൾ എന്നിവ അടഞ്ഞതോടെയാണ് വർഷകാലത്ത് വീടുകളിൽ മുട്ടോളം വെള്ളം കയറുന്ന അവസ്ഥയായത്. റോഡ് വെട്ടിപ്പൊളിക്കാതെ ചതുരാകൃതിയിലുള്ള കോൺക്രീറ്റ് നിർമിത ചട്ടക്കൂട്ട് ഭൂമിക്കടിയിലൂടെ തള്ളിക്കയറ്റുന്നതാണ് പുഷ്ത്രു കലുങ്ക് പദ്ധതി.
ഇവിടെ മൂന്ന് അടിയിലേറെ വ്യാസത്തിൽ ചതുരാകൃതിയിലുള്ള സംവിധാനം ദേശീയപാതയ്ക്ക് കുറുകെ 45 അടി മീറ്ററിലാണ് തള്ളിക്കയറ്റിയത്. ഇതു കാരണം ഗതാഗത തടസങ്ങളും ഒഴിവായി. കളമശേരി, തോട്ടക്കാട്ടുകര, അത്താണി എന്നിവിടങ്ങളിലെ കലുങ്കുകൾക്കാണ് ദേശീയപാത നിർമാണാനുമതി നൽകിയിരിക്കുന്നത്. കളമശേരിയിലേത് പൂർത്തിയാക്കിയതിന് പിന്നാലെയാണ് തോട്ടക്കാട്ടുകരയിൽ നിർമാണം ആരംഭിച്ചത്. ഇനി അത്താണിയിലും ഇതേ രീതിയിൽ കലുങ്ക് നിർമിക്കും.