ആലുവ സീഡ് ഫാമിന് സൗരോർജ ബോട്ട് സ്വന്തമായി
1537261
Friday, March 28, 2025 3:58 AM IST
ആലുവ: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആലുവ വിത്തുല്പാദന കേന്ദ്രത്തിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ 50 ലക്ഷം രൂപ സിഎസ്ആർ ഫണ്ട് ചെലവഴിച്ച് ലഭ്യമാക്കിയ സൗരോർജ ബോട്ടിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
വിഷരഹിതമായ പച്ചക്കറി ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് കൃഷിവകുപ്പിന് കീഴിലുള്ള മുഴുവൻ ഫാമുകളിലും നാച്ചുറൽ ഫാമിംഗ് പ്രാവർത്തികമാക്കുമെന്നും ആന്ധ്രാപ്രദേശിലെ നാച്ചുറൽ ഫാമിംഗിനെക്കുറിച്ച് പഠിക്കാനായി ഫാം ഉദ്യോഗസ്ഥരെ അയയ്ക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്ന കർഷകരുടെ ഉത്പന്നങ്ങൾ വില പേശാതെ വാങ്ങി പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അൻവർ സാദത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.