വ്യാജ പ്രചാരണത്തെ ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ അപലപിച്ചു
1536833
Thursday, March 27, 2025 4:46 AM IST
മൂവാറ്റുപുഴ: ത്വക് രോഗ ചികിത്സ നടത്തുന്ന ആയുഷ് ചികിത്സാ രംഗത്തുള്ളവർ വ്യാജന്മാർ എന്ന രീതിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ് നടത്തുന്ന വ്യാജ പ്രചാരണത്തെ ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ അപലപിച്ചു.
ആരോഗ്യ ചികിത്സാ രംഗത്ത് വിവിധ ചികിത്സാ ശാഖകൾ സംസ്ഥാനത്ത് നിലവിലുണ്ട്. രോഗികൾക്ക് ഇഷ്ടാനുസരണം ചികിത്സ നേടാനുള്ള അവകാശമുണ്ട്. സംസ്ഥാനത്ത് പൊതുജനാരോഗ്യ ആക്ട് പ്രകാരം വൈദ്യ ശാസ്ത്ര രംഗത്തെ വിവിധ ചികിത്സാ ശാഖകളെ നിയന്ത്രിക്കുന്ന ശക്തമായ ചട്ടക്കൂടായി കേരള മെഡിക്കൽ കൗണ്‍സിലും നിലവിലുണ്ട്.
മെഡിക്കൽ കൗണ്‍സിൽ രജിസ്ട്രേഷനുള്ള ഏതൊരു ചികിത്സാ വിഭാഗത്തിലുള്ള ഡോക്ടർമാർക്കും ചികിത്സാവകാശം നിക്ഷിപ്തമാണെന്നും ഐഎച്ച്എംഎ ഓർമപ്പെടുത്തി. ഹോമിയോപതി ചികിത്സാ ശാസ്ത്രത്തെ നിയന്ത്രിക്കുവാൻ പാർലമെന്റ് പാസാക്കിയ നാഷണൽ കമ്മീഷൻ ഓഫ് ഹോമിയോപതിയും നിലവിലുണ്ട്.
ആയുഷ് ചികിത്സകരെ വ്യാജന്മാരായി ചിത്രീകരിക്കുന്നത് ചികിത്സാ ശാസ്ത്രങ്ങൾ തമ്മിലുള്ള അനാരോഗ്യപരമായ വെല്ലുവിളികൾ പൊതുജനങ്ങൾക്കിടയിൽ ആശങ്കകൾക്ക് ഇടയാക്കുമെന്നും ഐഎച്ച്എംഎ ചൂണ്ടികാട്ടി. ത്വക് രോഗങ്ങൾക്കും കോസ്മെറ്റിക് ചികിത്സയിലും ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന ചികിത്സാ ശാഖയാണ് ഹോമിയോപതി.
സുരക്ഷിതവും ഫലപ്രദവും പാർശ്വഫല രഹിതവുമായ ഒരു ചികിത്സാ സന്പ്രദായമായി ഹോമിയോപതി സ്വീകാര്യത നേടിയതായി ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.