കൊച്ചി നഗരസഭയിലെ മൂന്ന് ഡിവിഷനുകള്‍ മാലിന്യമുക്തമായി
1536847
Thursday, March 27, 2025 5:04 AM IST
കൊച്ചി: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കൊച്ചി നഗരസഭയിലെ മൂന്ന് ഡിവിഷനുകള്‍ മാലിന്യമുക്തമായി. ഹെല്‍ത്ത് സര്‍ക്കിള്‍ 20 സെമിത്തേരി മുക്കിന്റെ പരിധിയില്‍ വരുന്ന 68, 69, 73 ഡിവിഷനുകളാണ് മാലിന്യമുക്തമായത്.
ഇതിന്റെ പ്രഖ്യാപനവും ശുചിത്വ പദയാത്രയും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണല്‍ ജുഡീഷ്യല്‍ മെമ്പര്‍ ജസ്റ്റിസ് സുനില്‍ തോമസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി നഗരസഭ ഡിവിഷന് 68 കൗണ്‍സിലര്‍ മിനി ദിലീപ് അധ്യക്ഷത വഹിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എന്‍. നീത മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി.
മൂന്ന് ഡിവിഷനുകളുടെയും സംഗമസ്ഥാനമായ രാധ ഓയില്‍ മില്‍ റോഡില്‍ നിന്നും ആരംഭിച്ച ശുചിത്വ പദയാത്ര അയ്യപ്പന്‍കാവ് എസ്എന്‍ഡിപി ഗ്രൗണ്ടില്‍ അവസാനിച്ചു.
ഡിവിഷന് മാലിന്യ മുക്ത പ്രഖ്യാപനവും അതോടൊപ്പം ഡിവിഷന് പരിധിയില്‍ വരുന്ന സമ്പൂര്‍ണ ഹരിത വിദ്യാലയ പ്രഖ്യാപനം, ഹരിത ഓഫീസ് പ്രഖ്യാപനം എന്നിവയും ബന്ധപ്പെട്ട ഡിവിഷന് കൗണ്‍സിലര്‍മാരായ മിനി ദിലീപ് (ഡിവിഷന്-68), കാജല്‍ സലിം (ഡിവിഷന്-69 ), മിനി വിവേര (ഡിവിഷന്-73) എന്നിവര്‍ യഥാക്രമം നിര്‍വഹിച്ചു.
ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ എ. നിസ്സ ചടങ്ങില്‍ സ്വാഗതവും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. നിഷാന്ത്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജീഷ് പി.ജോണ്‍, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ അന്ന വലന്റീന, റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ക്ലീറ്റസ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.