എടവനക്കാട്ടെ ദുരിതത്തിന് അടിയന്തര പരിഹാരമുണ്ടാക്കണം : കമ്മീഷന്
1537253
Friday, March 28, 2025 3:51 AM IST
കൊച്ചി: എടവനക്കാട് പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ സുനാമി പ്രദേശത്തെ 200 ഓളം കുടുംബങ്ങള്‍ 2012 മുതല്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാൻ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
പരാതി പരിഹരിക്കാന്‍ ഭീമമായ മുതല്‍മുടക്ക് ആവശ്യമായതിനാല്‍ ജലവിഭവം, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളുടെ കൂടി സഹകരണം ആവശ്യമാണെന്ന് എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ച സാഹചര്യത്തിലാണ് നടപടി.
ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ആര്‍ഡിഒ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ (എറണാകുളം), എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സ്പെഷല്‍ ടീം സ്ഥലപരിശോധന നടത്തി പ്രശ്ന പരിഹാരത്തിനുള്ള നടപടികള്‍ ഏതൊക്കെയാണെന്ന് മനസിലാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. തുടര്‍ന്ന് പ്രശ്നപരിഹാരത്തിനുള്ള ശിപാര്‍ശകള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടര്‍, എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി, ജലവിഭവം, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളുടെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ യോഗം വിളിച്ച് പരിഹാരമാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
യോഗത്തില്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ തുടങ്ങുന്ന തീയതി തീരുമാനിച്ച് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണം. ജില്ലാ കളക്ടര്‍ ഒരു നിരീക്ഷണ സമിതിക്ക് രൂപം നല്‍കണം. സ്ഥലപരിശോധനയെയും തുടര്‍ന്നുള്ള യോഗത്തിന്റെയും അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടര്‍ കമ്മീഷനെ രണ്ടു മാസത്തിനുള്ളില്‍ അറിയിക്കണം. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കേരള നദീസംരക്ഷണ സമിതി വൈപ്പിന്‍ രക്ഷാധികാരി പി.വി.ശശി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
തോപ്പില്‍, കണ്ണുപ്പിള്ള ചെമ്മീന്‍ കെട്ടുകളില്‍ നിന്നും വീടുകളില്‍ വെള്ളം കയറുന്നത് തടയാന്‍ ചിറ കെട്ടുക, ഉപ്പുവെള്ളം കയറി കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, തോടുകളും കുളങ്ങളും നികത്തുന്നത് തടയുക, സ്വകാര്യവ്യക്തികള്‍ വഴി കെട്ടിയടച്ചത് തുറക്കുക, റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കുക തുടങ്ങിയവയാണ് പരാതികള്‍.