വിശുദ്ധവാരം: മലയാറ്റൂരിൽ വിപുല ക്രമീകരണങ്ങൾ
1537236
Friday, March 28, 2025 3:40 AM IST
മലയാറ്റൂർ: മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരത്തിലെ ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാൻ തീരുമാനം. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളില്‍ സ്ലാബ് ഇടുന്ന പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും റോജി എം.ജോണ്‍ എംഎല്‍എ അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു. ജനത്തിരക്ക് മുന്നില്‍കണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് സബ് കളക്ടര്‍ കെ. മീര പറഞ്ഞു.
വിശുദ്ധവാരത്തിലും തിരുനാൾ ദിനങ്ങളിലും ക്രമസമാധാന ചുമതലയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും സിസിടിവി ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. തിരുനാള്‍ ദിനങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവര്‍ സംയുക്തമായി സ്ക്വാഡുകള്‍ രൂപീകരിച്ച് കടകളില്‍ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കും. അനധികൃത മദ്യ വില്‍പ്പനയും ലഹരിപദാര്‍ഥങ്ങളുടെ വില്‍പ്പനയും തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും.
പള്ളി പരിസരത്തും അടിവാരത്തുമായി കുടിവെള്ളത്തിന് ആവശ്യമായ പബ്ലിക് ടാപ്പുകള്‍ സ്ഥാപിക്കാനും കാല്‍നടയായി വരുന്ന യാത്രക്കാര്‍ക്കായി വഴിയരികിലെ പബ്ലിക് ടാപ്പുകളുടെ പുനരുദ്ധാരണം നടത്താനും വാട്ടര്‍ അഥോറിറ്റിക്ക് നിര്‍ദേശം നല്കി.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ വന സംരക്ഷണ, ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. അടിവാരത്തും കുരിശുമുടിയിലും മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കും. ആംബുലന്‍സുകളും സ്ട്രക്ചറുകളും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.