ആധാരം സ്വയം എഴുതാമെന്ന ഉത്തരവുണ്ട്; എന്നാലും...
1537235
Friday, March 28, 2025 3:40 AM IST
കൊച്ചി: പൊതുജനങ്ങള്‍ക്ക് ആധാരം സ്വയം എഴുതാമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 566 ആധാരങ്ങള്‍ മാത്രം. രജിസ്ട്രേഷന് ഓഫീസുകളിലെ അഴിമതിയും ആധാരമെഴുത്തിന് അമിത ഫീസ് ഈടാക്കുന്നത് തടയുന്നതും രജിസ്ട്രേഷന് നടപടികള്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ട് 2016ല്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച പ്രത്യേക ഉത്തരവിറക്കിയത്.
ഇപ്പോഴും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഭൂരിഭാഗം ആധാരങ്ങളും പൊതുജനങ്ങളാല്‍ എഴുതപ്പെടുന്നവയല്ല. ആധാരം എഴുത്തുകാര്‍, വക്കീലന്മാര് മുഖേനയാണ് ഭൂരിഭാഗം ആധാരങ്ങളും ഇപ്പോഴും എഴുതുന്നത്.
ആധാരം എഴുത്തിന്റെ ഭാഷയിലെ അവ്യക്തതയും സ്വയം എഴുതിയാല്‍ തെറ്റുകള്‍ സംഭവിക്കുമോ എന്ന ഭയവുമാണ് ഒട്ടുമിക്കവരെയും ഉത്തരവ് ഉണ്ടായിട്ടും സ്വയം ആധാരം എഴുതുന്നതില്‍ നിന്ന് പിന്നോട്ടു വലിക്കുന്നത്. ആധാരത്തില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ പിഴയാധാരം എഴുതേണ്ടിവരും.
എന്നാല്‍ സാമ്പിള്‍ കോപ്പി പരിശോധിച്ച് തെറ്റ് തിരുത്തിത്തരേണ്ട ഉത്തരവാദിത്വം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതിന് കാണിക്കുന്ന വിമുഖതയും തിരിച്ചടിയാണ്. അതിനിടെ സ്വയം എഴുതിയ ആധാരങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന വ്യാജപ്രചാരണവും ശക്തമാണ്. ഇത് ഭയന്ന് പിന്മാറുന്നവരുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സീലും സ്റ്റാമ്പും പതിപ്പിക്കുന്നതോടെ പ്രമാണങ്ങള്‍ക്ക് നിയമ സാധുത കൈവരും.
ആധാരം സ്വയം തയാറാക്കാനുള്ള മാതൃക രജിസ്ട്രേഷന് വകുപ്പിന്റെ www.keralaregitsr ation.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 19 മാതൃകാ പ്രമാണങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.