തൃക്കാക്കരയിൽ മാലിന്യമുക്ത പ്രഖ്യാപനം ഇന്ന്; പ്രതിഷേധവുമായി പ്രതിപക്ഷം
1536842
Thursday, March 27, 2025 5:00 AM IST
കാക്കനാട്: മാലിന്യ മുക്ത നഗരസഭയായി ഇന്നു പ്രഖ്യാപിക്കപ്പെടുന്ന തൃക്കാക്കരനഗരസഭയ്ക്ക് ആ പദവിക്ക് അർഹതയില്ലെന്ന ആക്ഷേപവുമായി പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. മാലിന്യസംഭരണിക്ക് സമീപം നടന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ് എൻ.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മാലിന്യനീക്കത്തിനു ഉടനടി പരിഹാരം ഉണ്ടാവണമെന്ന് കൗൺസിലറും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ റസിയ നിഷാദും ആവശ്യപ്പെട്ടു.
പ്രതിപക്ഷ കൗൺസിലർമാരുടെ സമരത്തിൽ കഴമ്പില്ലെന്നാണ് നഗരസഭാധ്യക്ഷ രാധാമണിപ്പിള്ളയുടെ നിലപാട്.
43 ഡിവിഷനുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്ന സംഭരണിക്കു മുന്നിൽ പ്രതിഷേധിച്ചിട്ടു കാര്യമില്ലെന്നും തങ്ങളുടെ ഡിവിഷനുകളിൽ മാലിന്യ ശേഖരമുണ്ടോയെന്ന് സമരക്കാർ പരിശോധിക്കട്ടെയെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
ആരോഗ്യസ്ഥിരംസമിതി അംഗങ്ങളായ പി.സി. മനൂപ്, എം.ജെ. ഡിക്സൺഎന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാലു കൊല്ലമായി പ്രതിപക്ഷ കൗൺസിലറായ എം.ജെ. ഡിക്സൺ ആരോഗ്യ സ്ഥിരം സമിതി അംഗമാണ്. രണ്ടു മാസം മുൻപാണ് സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായത്. അജുന ഹാഷിം, അനിത ജയചന്ദ്രൻ, സുനി കൈലാസൻ, ആര്യാബിബിൻ, അസ്മ ഷെരീഫ്, അൻസിയ ഹക്കിം എന്നിവരും പ്രതിഷേധനിരയിൽ ഉണ്ടായിരുന്നു.