കർഷക അവാർഡുകളുമായി മൂവാറ്റുപുഴ കാർഷികോത്സവ്
1537269
Friday, March 28, 2025 4:16 AM IST
മൂവാറ്റുപുഴ: കാർഷിക പാരന്പര്യം വിളിച്ചോതുന്ന മൂവാറ്റുപുഴയിലെ മികച്ച കർഷകരെ ആദരിക്കാൻ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. അടുത്തമാസം 21 മുതൽ 30 വരെ നടക്കുന്ന മൂവാറ്റുപുഴ കാർഷികോത്സവത്തിനോടനുബന്ധിച്ച് ഒൻപത് ഇനങ്ങളിലായി നൽകുന്ന അവാർഡുകൾക്ക് നോമിനേഷൻ ക്ഷണിച്ചു.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിനു കീഴിലുള്ള മികച്ച കർഷകൻ, മികച്ച കർഷക, മികച്ച ക്ഷീര കർഷകൻ, മികച്ച കർഷക വിദ്യാർഥി എന്നിവർക്കുള്ളതാണ് പ്രധാന അവാർഡുകൾ. ഇവയ്ക്കു പുറമേ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്ഥാപനം, ജൈവ കൃഷി ശീലിക്കുന്ന മികച്ച വിദ്യാലയം, മികച്ച കാർഷിക കണ്ടെത്തൽ (അഗ്രി സ്റ്റാർട്ടപ്) എന്നീ അവാർഡുകളും നൽകും.
2024ലെ ഏറ്റവും മികച്ച കാർഷിക റിപ്പോർട്ടിംഗിന് പത്രപ്രവർത്തകർക്കും കാർഷിക മേഖലയിൽ നിന്നുമുള്ള മികച്ച ചിത്രത്തിനും (ഫോട്ടോഗ്രാഫി) അവാർഡുകൾ നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അറിയിച്ചു.
കർഷക അവാർഡുകൾക്ക് വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവർക്ക് അർഹരായവരെ നോമിനേറ്റു ചെയ്യാം. യോഗ്യതയുള്ളവർക്ക് നേരിട്ടും അപേക്ഷ നൽകാം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ മൂവാറ്റുപുഴ അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ ഓഫീസിലോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിലേക്കും കർഷക അവാർഡുകൾ എന്ന വിഷയം രേഖപ്പെടുത്തി നൽകാവുന്നതാണ്.
വ്യക്തിഗത അവാർഡുകൾക്ക് വ്യക്തിയുടെ പേര്, വിലാസം, ജെൻഡർ, ഫോണ് നന്പർ, മികവുതെളിയിച്ച മേഖല, കൃഷിരീതികളുടെ പ്രത്യേകതകൾ, ആദായം സംബന്ധിച്ച സ്ഥിതി വിവര കണക്കുകളുടെ സൂചന, എന്തുകൊണ്ട് അവാർഡിന് പരിണിക്കപ്പെടണം എന്നീ വിവരങ്ങൾ സൂചിപ്പിക്കണം.
സ്ഥാപനങ്ങൾക്കുള്ള അവാർഡിൽ സ്ഥാപനത്തിന്റെ പേര് വിലാസം, മേലധികാരിയുടെ പേര്, ഫോണ് നന്പർ, കർഷക മികവു സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ സൂചിപ്പിക്കണം. നാമനിർദേശം ചെയ്യുന്ന വ്യക്തിയുടെ പേര് വിവരങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തണം.