ടോറസിൽ അമിതഭാരം: ഉടമയും ഡ്രൈവറും 38,000 രൂപ വീതം പിഴ അടയ്ക്കണം
1537245
Friday, March 28, 2025 3:51 AM IST
കൊച്ചി: അമിതഭാരം കയറ്റിയതിന് ടോറസ് ലോറി ഉടമയും ഡ്രൈവറും 38,000 രൂപ വീതം പിഴ അടയ്ക്കണമെന്ന് കോടതി. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നല്കിയ കേസിലാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെര്‍ണാണ്ടസ് ഉത്തരവിട്ടത്.
2021 ഡിസംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാർ കോലഞ്ചേരിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ 25 ടണ്‍ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തില്‍ അമിത ഭാരം കണ്ടെത്തി.
തുടർന്ന് 23,500 രൂപ കോമ്പൗണ്ട് ചെയ്യാന്‍ ഇ ചെലാനും നല്കി. വാഹന ഉടമയായ വെങ്ങോല ചേലക്കുളം സ്വദേശി സി.എച്ച്. മരക്കാറും ഡ്രൈവര്‍ കളമശേരി തേവക്കല്‍ സ്വദേശി കെ.വി. ശ്രീജുവും ഫീസ് നല്കാന് തയാറകാത്തതിനാല് ആര്‍ടിഒയുടെ നിര്‍ദേശ പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ നിഷാന്ത് ചന്ദ്രന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
സി.എച്ച്. മരക്കാറും കെ.വി. ശ്രീജുവും കോടതിയില്‍ കുറ്റം നിഷേധിച്ചതിനാല്‍ കേസ് വിചാരണയിലേക്ക് നീണ്ടു. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കോടതിയില്‍ അഡ്വ. സുമി പി. ബേബി ഹാജരായി.