ലാപ്ടോപ്പ് മോഷണം; പ്രതികൾ അറസ്റ്റിൽ
1537277
Friday, March 28, 2025 4:24 AM IST
കോലഞ്ചേരി: കോലഞ്ചേരി ഗ്രീൻവാലി കുടിവെള്ള നിർമാണ കമ്പനിയിൽ കവർച്ച നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ സാദിക്കുൾ ഇസ്ലാം (30), മുസ്താക് അലി (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോലഞ്ചേരിയിലെ കമ്പനി ഓഫീസിൽനിന്നു നാല് ലാപ്ടോപ്പും രണ്ട് മൊബൈൽ ഫോണുകളും 6900 രൂപയും കവർന്നത്. മോഷ്ടിച്ച ലാപ്ടോപ്പുകളും മൊബൈൽ ഫോണും പോലീസ് പ്രതികളിൽനിന്നു കണ്ടെടുത്തു.
സാദിഖുൽ ഇസ്ലാം നേരത്തെ ഈ കമ്പനിയിൽ ജോലി ചെയ്തിരുന്ന പരിചയംവച്ചാണ് നാട്ടുകാരനായ മുസ്താഖ് അലിയും ഒന്നിച്ച് മോഷണം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. മോഷണത്തിനുശേഷം പായിപ്രയിൽ ഒളിവിൽ കഴിയുന്നതിനിടെ പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.