കാരിക്കാമുറിയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് ബസ് ടെര്‍മിനൽ നിർമിക്കാൻ അംഗീകാരം
1536845
Thursday, March 27, 2025 5:04 AM IST
കൊച്ചി: കാരിക്കാമുറിയിലെ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 1.9 ഏക്കര്‍ സ്ഥലത്ത് ഉടമസ്ഥാവകാശം കൈമാറാതെ വൈറ്റില മൊബിലിറ്റി ഹബ്ബിനു ബസ് ടെര്‍മിനല്‍ നിര്‍മാണത്തിന് അംഗീകാരം. ഇന്നലെ നടന്ന മൊബിലിറ്റി ഹബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈറ്റിലയിലുള്ള മൊബിലിറ്റി ഹബ്ബിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൊബിലിറ്റി ഹബ്ബിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തികൊണ്ട് കെഎസ്ആര്‍ടിസിക്ക് നിര്‍മാണം നടത്തുവാനും ഇരുവകുപ്പുകളും അംഗീകരിച്ചതായും ടി.ജെ. വിനോദ് എംഎല്‍എ അറിയിച്ചു.
ആദ്യഘട്ടത്തില്‍ 12 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഡിപിആര്‍ പരിശോധിച്ചാണ് അനുമതി ലഭ്യമാക്കിയത്. രണ്ടാംഘട്ട വികസന പ്രവൃത്തികള്‍ക്കുള്ള തുക യുഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള പ്രപ്പോസല്‍ തയാറാക്കാനും ഈ വരുന്ന ജൂണില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
10 കോടി രൂപയുടെ മുതല്‍മുടക്ക് കണക്കുകൂട്ടിയാണ് രണ്ടാംഘട്ടം വികസനം. ഒന്നാം നിലയിലെ (മുകള്‍ നില) കെട്ടിടവും അനുബന്ധ സൗകര്യങ്ങളും കെഎസ്ആര്‍ടിസിക്ക് ആവശ്യമായ ഗ്യാരേജ് സംവിധാനവും റോഡ് പുനരുദ്ധരിക്കലും ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമാകുന്നത്. നിലവില്‍ പദ്ധതി പ്രദേശത്തു ഡിഎംആര്‍സി നിര്‍മിച്ച് നല്കിയ ഗ്യാരേജും നിലനിര്‍ത്തികൊണ്ട് തന്നെയാവും ആദ്യഘട്ട നിര്‍മാണവും ബസ് ടെര്‍മിനല്‍ പ്രവര്‍ത്തനവും.
യുഐഡിഎഫ് ഫണ്ട് ഉപയോഗിച്ചുള്ള രണ്ടാം ഘട്ടത്തില്‍ ഒന്നാംനില (മുകള്‍ നില) നിര്‍മാണവും, പ്രദേശത്ത് മുഴുവനായുള്ള 2.9 ഏക്കര്‍ ഭൂമിയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് 1,858 ചതുരശ്ര മീറ്റര്‍ വരുന്ന ഗ്യാരേജും, അനുബന്ധമായുള്ള റോഡും ഉള്‍പ്പടെ 10 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ ഉണ്ടാവും.
ഒന്നാം നിലയിലെ നിര്‍മ്മാണ പ്രവൃത്തികളില്‍ ഓഫീസ് ഏരിയക്കായി 394 സ്ക്വ.മീറ്ററും, 425 സ്ക്വ.മീറ്റര്‍ വരുന്ന കിച്ചനും റസ്റ്റോറന്റും ടോയ്ലറ്റുകളും ഉള്‍പ്പടെയുള്ള വികസന പദ്ധതികളാണ് വിഭാവനം ചെയുന്നതെന്നും ടി.ജെ. വിനോദ് എംഎല്‍എ അറിയിച്ചു.