കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
1536821
Thursday, March 27, 2025 4:16 AM IST
നെടുമ്പാശേരി: കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോ (29) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. റൂറൽ ജില്ലാ പോലിസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
അങ്കമാലി, ചെങ്ങമനാട്, മാള പോലിസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം ഏല്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഏപ്രിലിൽ ചെങ്ങമനാട് കുറുമശേരിയിൽ വച്ച് വിനു വിക്രമനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ്.
തുടർന്ന് ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ അന്നമനടയിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മാള പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.