പുതിയ നികുതി നിർദേശങ്ങളില്ലാതെ കോതമംഗലം നഗരസഭാ ബജറ്റ്
1536827
Thursday, March 27, 2025 4:46 AM IST
കോതമംഗലം: കോതമംഗലം നഗരസഭയിൽ പുതിയ നികുതി നിർദേശങ്ങളില്ലാതെ ബജറ്റ് അവതരിപ്പിച്ചു. 83,87,45,419 രൂപ വരവും 75,50,80,319 രൂപ ചെലവും 8,36,65,100 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെയർമാൻ കെ.കെ. ടോമിയാണ് അവതരിപ്പിച്ചത്.
യുഡിഎഫിന് ഭൂരിപക്ഷമുള്ള ധനകാര്യ സ്ഥിരം സമിതി കരട് ബജറ്റിന് അംഗീകാരം നൽകാത്തതിനാലാണ് വൈസ് ചെയർപേഴ്സന് ബജറ്റ് അവതരിപ്പിക്കാൻ കഴിയാതെ പോയത്. ഈ ഭരണ സമിതിയുടെ കാലയളവിൽ എല്ലാ ബജറ്റും ചെയർമാനാണ് അവതരിപ്പിച്ചത്.
കാർഷിക മേഖലയുടെ വികസനത്തിനു 2.13 കോടി, ദാരിദ്യ്ര നിർമാർജനത്തിന് 1.13 കോടി, ചെറുകിട, പരന്പരാഗത, സേവന വ്യവസായത്തിനു 32.3 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്കും യുവജനക്ഷേമത്തിനും 1.08 കോടി, കല- 30 ലക്ഷം, ആരോഗ്യമേഖല, സാംസ്കാരികം- 1.55 കോടി, ജല പദ്ധതികൾക്ക് 78.5 ലക്ഷം, ശുചിത്വത്തിന് 1.27 കോടി,
ക്രിമിറ്റോറിയത്തിനു 4.34 കോടി, ഭവന നിർമാണത്തിനു 2.4 കോടി, വനിതാ, ശിശു, അഗതി, വയോജന ക്ഷേമത്തിനു 96.5 ലക്ഷം, അങ്കണവാടികൾക്ക് 62.25 ലക്ഷം, ആസ്തി സംരക്ഷണത്തിന് 25 ലക്ഷം, വഴിവിളക്കിനു 45 ലക്ഷം, റോഡ് വികസനത്തിന് 5.02 കോടി, ടൗണ്‍ഹാളിനു 15 കോടി, കുരൂർ തോട് ശുചീകരണത്തിനു 30 ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുള്ളത്.
നഗരസഭാ ഭരണസമിതിയിൽ കല്ലുകടി
കോതമംഗലം: എൽഡിഎഫ് ഭരിക്കുന്ന കോതമംഗലം നഗരസഭാ ഭരണസമിതിയിൽ കല്ലുകടി. എൽഡിഎഫിലെ ഘടകകക്ഷികൾ ബജറ്റ് അവതരണ യോഗം ബഹിഷ്കരിച്ചു.
ബജറ്റ് തയാറാക്കിയത് വേണ്ടത്ര ചർച്ച നടത്താതെയാണെന്നും ആസൂത്രണ ചർച്ചകളിൽനിന്ന് തങ്ങളെ അവഗണിച്ചെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) ന്റെ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ജോസ് വർഗീസ്, സിപിഐയിലെ ആറാം വാർഡംഗം സിജോ വർഗീസ് എന്നിവർ പറയുന്നത്. ഭരണപക്ഷ അംഗങ്ങളുടെ ബഹിഷ്കരണം ബജറ്റ് സമ്മേളനത്തിന്റെ ശോഭ കെടുത്തി.
പതിവില്ലാത്ത വിധം ഘടകക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചത് മൂലം അവരെ അനുനയിപ്പിക്കാൻ സിപിഎം തീവ്ര ശ്രമത്തിലാണ്. തങ്ങളുമായി ചർച്ച നടത്താതെ തയാറാക്കിയ ബജറ്റ് പാസാക്കാൻ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് ഘടകകക്ഷിൾ പറയുന്നത്.
ബജറ്റിൽ അവാസ്തവ കാര്യങ്ങളെന്ന് യുഡിഎഫ്
കോതമംഗലം: നഗരസഭാ ബജറ്റിൽ അവാസ്തവമായ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് യുഡിഎഫ് കൗണ്‍സിലർമാർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ നാലരവർഷവും പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തിയത്. നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല ബജറ്റിലുള്ളത്. കരാറുകാർക്ക് പണം നൽകാത്തതിനാൽ പദ്ധതി നടത്തിപ്പുകൾ അവതാളത്തിലാണ്. പല ഫണ്ടുകളും പാഴായിപോകുകയാണ്.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നിലച്ചുപോയതും ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണ്. ക്രിമിറ്റോറിയവും ടൗണ്‍ഹാളും ഇപ്പോഴത്തെ നിലയിൽ നടപ്പാകുന്ന പദ്ധതികളല്ലെന്നാണ് യുഡിഎഫിന്റെ വാദം. മൃതദേഹങ്ങൾ ക്രിമിറ്ററോറിയത്തിലേക്ക് മാലിന്യകൂന്പാരത്തിനുള്ളിലൂടെയുള്ള വഴിയിലൂടെ കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരം നിർദേശിച്ചെങ്കിലും പരിഗണിച്ചില്ല.
ക്രിമിറ്റോറയവും ടൗണ്‍ഹാളും നടപ്പാക്കാൻ യുഡിഎഫ് ഭരണകാലത്ത് ശ്രമിച്ചതാണ്. എൽഡിഎഫ് അത് തടസപ്പെടുത്തുകയായിരുന്നുവെന്നും പാർലമെന്ററി പാർട്ടി ലീഡർ എ.ജി. ജോർജ് പറഞ്ഞു.
കൗണ്‍സിൽ യോഗത്തിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നത് ബജറ്റിനോടുള്ള അഭിപ്രായവ്യത്യാസം കൊണ്ടാണെന്നും യുഡിഎഫ് ചൂണ്ടികാട്ടി. ഷമീർ പനക്കൽ, സിജു ഏബ്രഹാം, ഭാനുമതി രാജു, ഷിബു കുര്യാക്കോസ്, റിൻസ് റോയി, സിന്ധു ജിജോ, നോബ് മാത്യു, ബബിത മത്തായി, പ്രവീണ ഹരീഷ്, നിഷ ഡേവിസ്, ലിസി ജോസ്, സൈനുമോൾ രാജേഷ്, ഏലിയാമ്മ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.