ബജറ്റിൽ ആശാ പ്രവർത്തകർക്ക് 2,000 രൂപ നീക്കിവച്ച് മരട് നഗരസഭ
1537256
Friday, March 28, 2025 3:58 AM IST
മരട്: ആശാപ്രവർത്തകർക്ക് പ്രതിമാസം 2000 രൂപ നഗരസഭ വിഹിതമായി നൽകാൻ തുക വകയിരുത്തിമരട് നഗരസഭാ ബജറ്റ്. എഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ പൊതുജനങ്ങൾക്ക് നഗരസഭയുടെ സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കാൻ മരട് ചാറ്റ് ബോട്ട്, ജയിൽ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ വനിതകൾക്ക് തൊഴിൽ നൽകിക്കൊണ്ട് ഭക്ഷണ വിതരണത്തിനായി ഫുഡ് ഓൺ വീൽസ് പദ്ധതിയും നഗരസഭാ ബജറ്റിൽ ലക്ഷ്യമിടുന്നു.
മാലിന്യ നിർമാർജ്ജന പദ്ധതികൾക്കായി അഞ്ചു കോടി 11 ലക്ഷം, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മരട് ഇന്നവേഷൻ ഹബിനായി ഒരു കോടി 50 ലക്ഷം, സൗരപ്രഭ സമ്പൂർണ സോളാർ പദ്ധതിക്കായി 25 ലക്ഷം, ഹൈടെക് ഹോട്ട്സ്പോട്ടുകൾക്കായി ഒരു കോടി, മാതൃക-ഹരിത നഗരപാത നിർമാണത്തിനായി 25 ലക്ഷം,
വാട്ടർ എടിഎം പദ്ധതിയ്ക്കായി 10 ലക്ഷം, ഹലോ മരട് പദ്ധതിയ്ക്ക് 25 ലക്ഷം, ജൈവ വൈവിധ്യ ഉദ്യാനത്തിനായി 70 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് ഒരു കോടി 48 ലക്ഷം, പിഎംഎവൈ, ലൈഫ് ഭവന പദ്ധതി - മൂന്നു കോടി ആറു ലക്ഷത്തി എഴുപതിനായിരം, കുടിവെള്ളത്തിനായി രണ്ടു കോടി 50 ലക്ഷം എന്നിങ്ങനെയും നീക്കിവച്ചിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതികൾക്കായി 85 ലക്ഷവും കുടുംബശ്രീക്കായി 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. 84,27,85,053 രൂപ വരവും 82,37,05,250 രൂപ ചെലവും 1,90,79,803 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അവതരിപ്പിച്ചു. ചെയർമാൻ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു.