നഗരത്തിലെ ബസുകള്‍ക്കെതിരെ മൂന്നു മാസത്തിനിടെ 5618 പെറ്റി കേസുകള്‍
1537248
Friday, March 28, 2025 3:51 AM IST
കൊച്ചി: കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ മൂന്നു മാസത്തിനിടെ 5618 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മത്സരയോട്ടത്തിനിടെ അപകടമുണ്ടായതടക്കം കേസുകളാണിത്.
ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ 167 കേസുകള്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതി നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി പോലീസ് ഹാജരാക്കിയ നടപടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ വിശദീകരണം.
നഗരത്തില്‍ കഴിഞ്ഞ 14ന് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. പോലീസ് നടപടികളെ കോടതി പ്രശംസിച്ചെങ്കിലും കര്‍ശന നടപടികള്‍ അപകടമുണ്ടാകുമ്പോള്‍ മാത്രം പോരെന്നും അലക്ഷ്യമായ ഡ്രൈവിംഗിനെതിരേ സ്ഥിരമായ ജാഗ്രത വേണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണറും ഗതാഗത കമ്മീഷണറും ഒന്നിച്ച് പ്രവര്‍ത്തിക്കണം. നടപടി റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
ഡ്രൈവര്‍മാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്നും അലക്ഷ്യ ഡ്രൈവിംഗ് നടത്തി രക്ഷപ്പെടാമെന്ന ചിന്താഗതി അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ സ്ഥിതി സംബന്ധിച്ച ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
നഗരത്തില്‍ പല ഭാഗത്തും തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇടപ്പള്ളി പാലാരിവട്ടം പാതയില്‍ സ്ഥിതി വഷളാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്ത്രീ സുരക്ഷയടക്കം എങ്ങനെ ഉറപ്പാക്കുമെന്നും ലഹരി ഇടപാടുകള്‍ എങ്ങനെ തടയുമെന്നും കോടതി ചോദിച്ചു.