ജില്ലാ പഞ്ചായത്ത് ബജറ്റിൽ കാർഷിക, വിദ്യാഭ്യാസ മേഖലയ്ക്കും സ്ത്രീ ശാക്തീകരണത്തിനും ഊന്നൽ
1536822
Thursday, March 27, 2025 4:21 AM IST
കാക്കനാട്: കാർഷിക, വിദ്യാഭ്യാസ മേഖലകൾക്കും സ്ത്രീശാക്തീകരണത്തിനും വയോജനക്ഷേമത്തിനും ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. വയോജനങ്ങൾക്കായി ജെറിയാട്രിക് ക്ലിനിക്കുകളും വയോപാർക്കുകളും കെയർ ഹോമുകളുമടക്കമുള്ള പദ്ധതികളും വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രീമിയം ഹോട്ടലുകൾ, പ്രറ്റി ലാസ്റ്റ്, ആരോഗ്യ ലക്ഷ്മി തുടങ്ങിയ പദ്ധതികളും 2025-26 വർഷത്തെ ബജറ്റിൽ ഇടംപിടിച്ചു.
149.81 കോടി വരവും 148.35 കോടി ചെലവും 1.45 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എൽസി ജോർജ് അവതരിപ്പിച്ചത്.
കാർഷിക മേഖലയ്ക്ക് 7.3 കോടി
കാർഷിക അനുബന്ധ മേഖലയിൽ 7.3 കോടി രൂപയുടെ പദ്ധതികൾ വകയിരുത്തിയ ബജറ്റിൽ തരിശ് നെൽകൃഷിക്ക് രണ്ടു കോടി രൂപയും കാഴ്ചക്കുല പദ്ധതിയിൽ ഉൾപ്പെടുത്തി വാഴ കൃഷിക്ക് 30 ലക്ഷവും വകയിരുത്തി.
ആരോഗ്യ മേഖലയ്ക്ക് 6.85 കോടി
അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ക്ക് രണ്ട് കോടി, ജില്ലാ ആശുപത്രിയുടെ വികസനത്തിനും പുനരുദ്ധാരണത്തിനും മൂന്ന് കോടി, ആരോഗ്യലക്ഷ്മി പദ്ധതിക്ക് രണ്ട് കോടി, പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് ഒരു കോടി, ആലുവ ജില്ലാ ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്ന ഹീമോഫീലിയ സെന്ററിന് 30 ലക്ഷം, കാന്‍സര്‍ മുക്ത എറണാകുളം പദ്ധതിക്കായി 15 ലക്ഷം, ഔഷധസസ്യ കൃഷി പ്രോത്സാഹനത്തിന് 10 ലക്ഷം.
അനിമൽ ക്രിമിറ്റോറിയം
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിനിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് സൗജന്യമായി നൽകിയ സ്ഥലത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് മൃഗങ്ങളെ സംസ്കരിക്കാൻ ആധുനിക ശ്മാശന നിർമാണത്തിന് 50 ലക്ഷം രൂപ വകയിരുത്തി.
കടലാക്രമണത്തിൽ നിന്നുള്ള സംരക്ഷണത്തിനായി റിംഗ് ബണ്ട് റോഡുകൾ നിർമിക്കാൻ ഒരു കോടി രൂപയും ജലാശയങ്ങളിലെ പ്ലാസ്റ്റിക്, പോളകൾ, പായൽ എന്നിവ നീക്കം ചെയ്യാൻ 25ലക്ഷം രൂപയും ഓരുജല, ശുദ്ധജല മൽസ്യ കൃഷിക്കായി 50 ലക്ഷവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വന്യമൃഗശല്യം കണ്ടെത്താനും തടയാനും കാമറ ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കാൻ 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും.
പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി 10.20 കോടിയുടെ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് 6.85 കോടിയും റോഡുകൾക്കും പുതിയ കെട്ടിടങ്ങൾക്കുമായി 32 കോടിയും വകയിരുത്തി. സമസ്ത മേഖലയുടെയും സമഗ്രവികസനം ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.