വിചിത്ര ഉത്തരവുമായി കെഎസ്ഇബി : അപകട മേഖലയിലെ ട്രാൻസ്ഫോർമർ മാറ്റാൻ ഒരു ലക്ഷം നൽകണം
1536837
Thursday, March 27, 2025 5:00 AM IST
ആലുവ: അപകടമേഖലയിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ 96,384 രൂപ പ്രദേശവാസികളോട് ആവശ്യപ്പെട്ട് കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ വിചിത്ര ഉത്തരവ്. നവകേരള സദസിൽ പരാതി നൽകിയ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എരുമത്തല സഹൃദയപുരം സ്വദേശി വേലായുധനാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്.
നിരവധി യാത്രക്കാർ കടന്നു പോകുന്ന എസ്ആർഎ റോഡിൽ 100 കെവി എ ട്രാൻസ്ഫോർമർ റോഡിലേക്കിറങ്ങിയാണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രി കാലങ്ങളിൽ ട്രാൻസ്ഫോർമറിൽ വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ ഉണ്ടായപ്പോഴാണ് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പരാതി നൽകിയത്.
പരാതി സ്വീകരിച്ച് തുടർനടപടികളിലേക്ക് കടന്നപ്പോൾ വൈദ്യുതി ബോർഡ് ചെലവ് ആവശ്യപ്പെട്ട് നാട്ടുകാർക്ക് തന്നെ ഉത്തരവ് നൽകിയിരിക്കുന്നത്. ട്രാൻസ്ഫോർ മാറ്റി സ്ഥാപിക്കാനുള്ള സ്ഥലം നൽകാൻ പെരിയാർ വാലി ഇറിഗേഷൻ വകുപ്പും തയാറാണ്.
സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടപ്പോഴാണ് ഇത്രയും തുക കെട്ടിവയ്ക്കാൻ ആവശ്യപ്പെടുന്നത്. ദുരന്തമുണ്ടായി നഷ്ടപരിഹാരം നൽകുന്നതിനേക്കാൾ ട്രാൻസ്ഫോർമർ മാറ്റുന്നതല്ലേ ശരിയായ നടപടിയെന്ന് നാട്ടുകാരും ചോദിക്കുന്നു.