ആലുവ പാലസിലെ നിയമനം: റൊട്ടേഷൻ സമ്പ്രദായം നടപ്പാക്കണമെന്ന്
1537260
Friday, March 28, 2025 3:58 AM IST
ആലുവ: ആലുവ പാലസിൽ കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്ന ക്ലീനിംഗ് ജോലി കരാറിൽ ക്രമക്കേടാരോപിച്ച് അംഗങ്ങൾ ആലുവ നഗരസഭയ്ക്ക് പരാതി നൽകി. ആലുവ നഗരസഭയിലെ പന്ത്രണ്ടാം വാർഡ് എഡിഎസ് അംഗങ്ങളാണ് സിഡിഎസ് മെമ്പർ സെക്രട്ടറിയ്ക്ക് പരാതി നൽകിയത്.
എല്ലാ വർഷവും കരാർ പുതുക്കുമ്പോൾ റൊട്ടേഷൻ സമ്പ്രദായപ്രകാരം മൂന്ന് പേരെ വീതമാണ് ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ നിയമിക്കുന്നത്. എന്നാൽ ഏതാനും പേർക്ക് സ്ഥിരമായി ജോലി നൽകുന്നതിനാൽ മറ്റുള്ളവർക്ക് അവസരം നഷ്ടപ്പെടുന്നതായാണ് പരാതി. ഇതിനായി പട്ടികയിൽ കൃത്രിമം കാണിക്കുന്നതായും ആരോപണമുണ്ട്.
ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിയിൽ മൂന്ന് പേരെ വീതമാണ് കുടുംബശ്രീ നിയമിക്കുന്നത്. എന്നാൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട് വരുന്ന ഒഴിവുകൾ രഹസ്യമാക്കി സ്ഥിരം ഇഷ്ടക്കാരെ നിയമിക്കുന്നതായാണ് ആക്ഷേപം. പരാതി നൽകിയിട്ടും മറുപടി ലഭിക്കാത്തതിനാൽ കുടുംബശ്രീ ജില്ലാ മിഷനെ സമീപിക്കാനാണ് അംഗങ്ങളുടെ തീരുമാനം.